തിരുവനന്തപുരം– കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ ഇനിയും കണ്ടെത്തിയില്ല. പാലക്കാടുനിന്നാണ് കുട്ടിയെ കണ്ടെത്തിയെന്ന് വാർത്തകൾ വന്നെങ്കിലും അക്കാര്യം ശരിയല്ലെന്ന് പോലീസ് അറിയിച്ചു. അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീത്ത് തംസത്തെയാണ് ഇന്ന് രാവിലെ പത്തു മുതൽ കാണാതായത്.
കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നാണ് കുട്ടിയെ കാണാതായത്. അയല്‍വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. അസമിലേക്കുള്ള ട്രെയിനിൽ കയറി പെൺകുട്ടി പോയിരിക്കാമെന്ന് തുടക്കത്തിൽ തന്നെ പോലീസ് അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് പോലീസ് തീവണ്ടികളിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
ബാഗില്‍ വസ്ത്രങ്ങള്‍ എടുത്താണ് കുട്ടി പോയിരിക്കുന്നത്. ഒരു മാസം മുമ്പാണ് കുട്ടി കേരളത്തിലേക്ക് എത്തിയത്. ആസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും കുട്ടിക്ക് അറിയില്ല. പതിമൂന്നു മണിക്കൂറിന് ശേഷവും കുട്ടിയെ കണ്ടെത്തിയിട്ടില്ല. പോലീസ് പരിശോധന നടന്നുവരികയാണ്.