ന്യൂദൽഹി: കൊൽക്കത്തയിൽ വനിതാ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഉത്തർപ്രദേശിലെ സോൻഭദ്രയിൽ അധ്യാപകന്റെ ബലാത്സംഗത്തിനിരയായി 14 വയസ്സുകാരി മരിച്ചു. സോൻഭദ്ര ജില്ലയിലെ ദുദ്ദി ഗ്രാമത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 20 ദിവസമായി ചികിത്സയിലായിരുന്നു പെൺകുട്ടി. കേസിൽ പ്രതിയായ വിശാംബർ ഒളിവിലാണ്.
സ്‌കൂളിൽ സ്‌പോർട്‌സ് ഇൻസ്‌ട്രക്ടറായി ജോലി ചെയ്തിരുന്നയാണ് പ്രതി. കഴിഞ്ഞ വർഷം ഡിസംബർ 30ന് ഒരു കായിക മത്സരത്തിൽ പങ്കെടുക്കാൻ കുട്ടിയെ ഇയാൾ വിളിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ആളുകൾ അറിഞ്ഞാൽ നാണക്കേടാകുമോ എന്ന് ഭയപ്പെട്ട് കുടുംബം ആരോടും പരാതി പറഞ്ഞിരുന്നില്ല. എന്നാൽ പെൺകുട്ടിയുടെ ആരോഗ്യം അനുദിനം മോശമാകുകയും ചെയ്തു.
ബന്ധുക്കളെ സന്ദർശിക്കാൻ ഛത്തീസ്ഗഡിലേക്ക് അയച്ച പെൺകുട്ടിയെ അവിടെ ചികിത്സിച്ചെങ്കിലും ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. പീഡനത്തിനിരയായ പെൺകുട്ടി തന്നെയാണ് ഇക്കാര്യം ബന്ധുവിനോട് പറഞ്ഞത്. ഇതേ തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിന് പ്രതി 30,000 രൂപ നൽകുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ജൂലൈ 10 ന് പിതാവ് പോലീസിൽ പരാതി നൽകുകയും ഉത്തർപ്രദേശിലെ ബല്ലിയ നിവാസിയായ വിശാംബറിനെതിരെ കേസെടുക്കുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇയാളെ പിടികൂടാൻ രണ്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.