ഫ്രാങ്ക്ഫർട്ട് (ജർമ്മനി)- സ്വിറ്റസർലന്റിന് എതിരായ മത്സരത്തിൽ തോറ്റ് നാണം കെടേണ്ടി വരുമോ എന്ന ഭയം ഇൻജുറി ടൈമിലെ ഗോളിലൂടെ മറികടന്ന് ജർമ്മനി. യൂറോ കപ്പ് ഫുട്ബോളിൽ ആതിഥേയരായ ജർമ്മനി, സ്വിറ്റ്സർലന്റിന് എതിരെ സമനില വഴങ്ങി. സമനിലയാണെങ്കിലും ഗ്രൂപ്പ് എ.യിൽ ഒന്നാം സ്ഥാനത്താണ് ജർമനി. നിക്ലാസ് ഫുൽക്രുഗിൻ്റെ സ്റ്റോപ്പേജ്-ടൈം ഹെഡറാണ് ആതിഥേയരെ രക്ഷിച്ചത്. ഗ്രൂപ്പ് സി.യിലെ രണ്ടാം സ്ഥാനക്കാരുമായായിരിക്കും ഇനി ജർമ്മനിയുടെ മത്സരം.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്വിസ് ലീഡ് നേടിയിരുന്നു. ഇരുപത്തിയെട്ടാമത്തെ മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്ന് ഡാൻ എൻഡോയാണ് ഗോൾ നേടിയത്.
മേജർ ടൂർണമെൻ്റുകളിൽ ഒരു ദശാബ്ദത്തോളം നീണ്ട നിരാശയ്ക്ക് ശേഷമാണ് ആതിഥേയരായ ജർമ്മനി യൂറോ കപ്പിനെ ശുഭാപ്തിവിശ്വാസത്തോടെ സമീപിച്ചത്. ഇക്കഴിഞ്ഞ രണ്ട് ലോകകപ്പുകളുടെയും ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് അവസാന 16 ലെത്താൻ ജർമ്മനിക്ക് സാധിച്ചിരുന്നില്ല.
ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗനും ടോണി ക്രൂസും ഉൾപ്പെടുന്ന പരിചയസമ്പന്നരായ മധ്യനിരയുടെ നേതൃത്വത്തിൽ, ജർമ്മനി അവരുടെ ആദ്യ രണ്ട് യൂറോ മത്സരങ്ങളിൽ സ്കോട്ട്ലൻഡിനെയും ഹംഗറിയെയും തോൽപ്പിച്ചത് ആതിഥേയർക്ക് ടൂർണമെൻ്റിൽ ആഴത്തിലുള്ള പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, സ്വിറ്റ്സർലൻഡിൻ്റെ കഠിനാദ്ധ്വാനം ആതിഥേയരെ കീഴടക്കി. സ്വിസ് പ്രതിരോധത്തിനെതിരെ വ്യക്തമായ അവസരങ്ങൾ കണ്ടെത്തുന്നതിൽ ജർമ്മനി പരാജയപ്പെട്ടു.
ഫ്യൂൽക്രുഗിൻ്റെ ഗോളിലൂടെ സമനില നേടാനായെങ്കിലും ജർമ്മൻ പരിശീലകൻ ജൂലിയൻ നാഗെൽസ്‌മാന് ഈ മത്സരം ഒട്ടേറെ കാര്യങ്ങൾ ആലോചിക്കാനുള്ള അവസരമാണ് നൽകുന്നത്. അവസാന 16-ലേക്ക് ഇതിനകം യോഗ്യത നേടിയിട്ടുണ്ടെങ്കിലും, തുടർച്ചയായ മൂന്നാം മത്സരത്തിനും ഒരേ ആദ്യ ഇലവനെ തന്നെയാണ് നാഗൽസ്മാൻ ഇറക്കിയത്. ഡിഫൻഡർ ജോനാഥൻ താഹ് മഞ്ഞക്കാർഡ് കണ്ടത് ജർമ്മനിക്ക് വിനയായി. അടുത്ത മത്സരം അദ്ദേഹത്തിന് നഷ്ടമാകും.
പതിനാറാമത്തെ മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ച് ജർമ്മനിക്ക് ലീഡ് നൽകിയിരുന്നു. എന്നാൽ അതിന് മുമ്പ് ജമാൽ മുസിയാല ഫൗൾ ചെയ്തതായി വാറിലൂടെ കണ്ടെത്തിയതിനാൽ ഗോൾ അനുവദിച്ചില്ല. ആദ്യ പകുതിയിൽ സ്വന്തം വലയിൽ ഗോൾ വീണിട്ടും ജർമ്മനി ഉണർന്നതേയില്ല.
രണ്ടാം പകുതിയിൽ നാഗൽസ്മാൻ ആക്രമണാത്മക മാറ്റങ്ങൾ വരുത്തിയതോടെയാണ് ജർമ്മനി ആക്രമണം അഴിച്ചുവിട്ടത്. പക്ഷേ ആതിഥേയർക്ക് സ്വിസ് ടീമിനെതിരെ വ്യക്തമായ അവസരങ്ങൾ കുറവായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ഹെഡറിലൂടെ നിക്ലാസ് ഫുൽക്രുഗിൻ്റെ ജർമ്മനിയുടെ മാനം കാത്തു.
മറ്റൊരു മത്സരത്തിൽ ഹംഗറി ഒരു ഗോളിൻ സ്കോട്ട്ലൻഡിനെ തോൽപ്പിച്ചു. രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് സമയത്തായിരുന്നു ഈ ഗോൾ. അധികസമയമായി പത്തുമിനിറ്റാണ് ഈ മത്സരത്തിൽ അനുവദിച്ചത്. കെവിൻ സിസോബോത്താണ് ഗോൾ നേടിയത്.