2022 ല്‍ ഉഭയകക്ഷി വ്യാപാരം 17,400 കോടി ഡോളര്‍
റിയാദ് – ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന 90 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ മേഖലാ രാജ്യങ്ങളുടെ അഭിവൃദ്ധിയിലും സാമ്പത്തിക പുരോഗതിയിലും പങ്ക് വഹിക്കുന്നതായി ഇന്ത്യന്‍ വിദേശ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. റിയാദില്‍ ജി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന ഗള്‍ഫ്-ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്റെ പ്രഥമ മന്ത്രിതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ഗള്‍ഫ്, ഇന്ത്യ ബന്ധം വിവിധ മേഖലകളില്‍ വേരൂന്നിയതാണ്. ഗള്‍ഫ് രാജ്യങ്ങളുമായി വ്യത്യസ്ത മേഖലകളില്‍ പങ്കാളിത്തം സൃഷ്ടിക്കാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നു. ഉഭയകക്ഷി ബന്ധങ്ങള്‍ കാലക്രമേണ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിലേക്ക് വികസിച്ചു. ആളുകള്‍, സുരക്ഷ, അഭിവൃദ്ധി എന്നിവയെ അടിസ്ഥാനമാക്കി പങ്കാളിത്തം ആരംഭിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഗാസയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. എത്രയും വേഗം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യന്‍ വിദേശ മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സ്ട്രാറ്റജിക് ഡയലോഗ് മേഖലയിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സ്ഥിരതയും അഭിവൃദ്ധിയും വര്‍ധിപ്പിക്കാനും ഉതകുന്ന നിലക്ക് ഇരുപക്ഷവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രപരവും പുരാതനവുമാണ്. പരസ്പര വിശ്വാസത്തിന്റെയും ഫലവത്തായ സഹകരണത്തിന്റെയും അടിത്തറയില്‍ അധിഷ്ഠിതമായ ഈ ബന്ധം വിവിധ മേഖലകളില്‍ നിരന്തരം ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു.
നമ്മുടെ മേഖലയും ലോകവും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികള്‍, സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ തുടര്‍ച്ചയായ ഏകോപനവും ക്രിയാത്മകമായ സംവാദവും ആവശ്യപ്പെടുന്നു. നിരവധി പ്രതിസന്ധികളെയും രാഷ്ട്രീയ വെല്ലുവിളികളെയും അഭിമുഖീകരിക്കാന്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭീകരവാദം, തീവ്രവാദം, പ്രാദേശിക സംഘര്‍ഷങ്ങള്‍ പോലെ ലോകം നേരിടുന്ന രാഷ്ട്രീയ, സുരക്ഷാ വെല്ലുവിളികള്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ഏകോപനവും സഹകരണവും ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര ഫോറങ്ങളിലെ ഏകീകൃത ശ്രമങ്ങളും നിലപാടുകളും ലോകസമാധാനവും സുരക്ഷയും കൈവരിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നതില്‍ നമ്മുടെ ശേഷി വര്‍ധിപ്പിക്കും. സുരക്ഷാ സഹകരണം വെല്ലുവിളികളെ നേരിടുന്നതില്‍ മാത്രമല്ല, മേഖലയിലും ലോകത്തും സമാധാനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിലേക്കും വ്യാപിക്കുന്നു.
ഉഭയകക്ഷി ബന്ധത്തില്‍ സാമ്പത്തിക സഹകരണം വളരെ പ്രധാനമാണ്. 2022 ല്‍ ഗള്‍ഫ്, ഇന്ത്യ ഉഭയകക്ഷി വ്യാപാരം 174 ബില്യണ്‍ ഡോളറായിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ആകെ വാണിജ്യ വിനിമയത്തിന്റെ 11 ശതമാനം ഇന്ത്യയുമായിട്ടാണ്. 2022 ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് 91 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുകയും ഇന്ത്യയില്‍ നിന്ന് 83 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി നടത്തുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ വിവിധ പദ്ധതികളില്‍ 600 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. പരസ്പര സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള 2024-2028 കാലയളവിലേക്കുള്ള കര്‍മ പദ്ധതി ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും അംഗീകരിച്ചിട്ടുണ്ടെന്നും ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യയുമായും ഏകോപനം നടത്തി ജി.സി.സി സെക്രട്ടേറിയറ്റ് ജനറല്‍ ഈ പദ്ധതി എത്രയും വേഗം നടപ്പാക്കി തുടങ്ങുമെന്നും ജാസിം അല്‍ബുദൈവി പറഞ്ഞു.
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. ഗള്‍ഫ്-ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്റെ പ്രഥമ മന്ത്രിതല യോഗത്തോടനുബന്ധിച്ച് ഇന്ത്യന്‍ വിദേശ മന്ത്രിയും സൗദി വിദേശ മന്ത്രിയും പ്രത്യേകം ചര്‍ച്ച നടത്തി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലാ, ആഗോള പ്രശ്‌നങ്ങളില്‍ പരസ്പര ഏകോപനം ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. സൗദി വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, അന്താരാഷ്ട്ര കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന്‍ അല്‍റസി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.