ജിദ്ദ – അറുതിയില്ലാതെ ഗാസയിലും ലെബനോനിലും ഇസ്രായില്‍ സൈന്യം കൂട്ടക്കുരുതികള്‍ തുടരുന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 55 പേര്‍ കൊല്ലപ്പെടുകയും 186 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫലസ്തീന്‍ കുടുംബങ്ങളെ ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്ന് മൂന്നു കൂട്ടക്കൊലകള്‍ നടത്തിയതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അല്‍നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളിനു നേരെ ഇന്ന് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ബഹുമുഖ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി ഉയര്‍ന്നതായി അല്‍ഔദ ആശുപത്രി അറിയിച്ചു. 392 ദിവസമായി തുടരുന്ന ഇസ്രായിലി യുദ്ധത്തില്‍ ഗാസയില്‍ 43,259 പേര്‍ കൊല്ലപ്പെടുകയും 1,01,827 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ബെക്കയില്‍ 41 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. കിഴക്കന്‍ ലെബനോനിലെ ബഅല്‍ബക്കില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഅല്‍ബക്കിലെ മൂന്നു ഗ്രാമങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ 23 പേരും കൊല്ലപ്പെട്ടതായി ലെബനീസ് നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.
ലെബനോനില്‍ ആശുപത്രികള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 102 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ 55 ആക്രമണങ്ങളില്‍ ലോകാരോഗ്യ സംഘടന അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. എന്നാല്‍ ഇതിലും എത്രയോ കൂടുതല്‍ ആക്രമണങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെയുണ്ടായതെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഡ്യൂട്ടിയിലല്ലാത്ത നേരത്ത് നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.