ന്യൂയോര്‍ക്ക്: സോളാര്‍ പദ്ധതി കരാര്‍ നേടിയെടുക്കുന്നതിന് ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികണക്കിന് രൂപ കൈക്കൂലി നല്‍കിയെന്ന കേസില്‍ അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്കെതിരെ ന്യൂയോര്‍ക്ക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബന്ധുവായ സാഗര്‍ അദാനിക്കെതിരേയും അദാനി ഗ്രീന്‍ എനര്‍ജി എന്ന കമ്പനിയുടെ മുന്‍ സിഇഒ വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരേയും അറസ്റ്റ് വാറന്റ് ഉണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ വലിയ സോളാര്‍ പദ്ധതി തരപ്പെടുത്തിയെടുക്കാന്‍ 2100 കോടി രൂപയോളം (250 ദശലക്ഷം യുഎസ് ഡോളര്‍) ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് കേസ്. യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) നല്‍കിയ കുറ്റപ്പത്രം പ്രകാരമാണ് കേസെടുത്തത്. കമ്പനിയിലെ ഏഴു പേര്‍ക്കെതിരയാണ് കേസ്. ഇവരില്‍ അദാനിയുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റുള്ളത്.
അഴിമതി നടത്തിയത് മറച്ചുവച്ച് കള്ളം പറഞ്ഞ് യുഎസ് നിക്ഷേപകരില്‍ നിന്ന് ഈ പദ്ധതിക്കു വേണ്ടി 300 കോടി ഡേളറിലേറെ തുക സമാഹരിച്ചെന്നാണ് കേസ്. സംഭവത്തില്‍ ക്രിമിനല്‍ കുറ്റകൃത്യം നടന്നത് ഇന്ത്യയിലാണെങ്കിലും നിക്ഷേപ സമാഹരണം നടന്നത് ന്യൂയോര്‍ക്കിലാണെന്നതിനാല്‍ ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. എസ്ഇസിയുടെ പരാതിയിലാണ് കേസ്.
ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനി തന്നെ കൈക്കൂലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരെ പലതവണ നേരിട്ട് കണ്ടു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ ട്രാക്ക് ചെയ്തു, പണം നല്‍കിയതിന് ഇലക്ട്രോണിക് തെളിവുകളുണ്ടാക്കി, ഏതും തരം കൈക്കൂലിയാണ് നല്ലതെന്ന് തീരുമാനിക്കാന്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ തയാറാക്കി തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൈക്കൂലി പണത്തെ കമ്പനികള്‍ക്കുള്ള ഡെവലപ്‌മെന്റ് ഫീസ് എന്നു വിശേഷിപ്പിച്ചാല്‍ മതിയെന്ന് ഗൗതം അദാനി നിര്‍ദേശിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. കേസിലുള്‍പ്പെട്ട ചില പ്രതികള്‍ തങ്ങളുടെ പങ്ക് പുറത്തുവരാതിരിക്കാന്‍ തെളിവ് നശിപ്പിച്ചതായും കണ്ടെത്തി.