പാരീസ്- ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. സെപ്തംബറിൽ നടക്കുന്ന ഐക്യ രാഷ്ട്ര സഭ പൊതുസഭയിൽ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന പ്രമേയത്തെ പിന്തുണക്കുമെന്ന് മാക്രോൺ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
“മധ്യപൂർവ്വദേശത്ത് ശാശ്വതവും നീതിപൂർവ്വവുമായ സമാധാനത്തിനു വേണ്ടിയുള്ള ചരിത്രപരമായ പ്രതിബദ്ധത എന്ന നിലയിൽ ഫ്രാൻസ് ഫലസ്തീൻ എന്ന രാഷ്ട്രത്തെ അംഗീകരിക്കുന്നു. സെപ്തംബറിൽ ചേരുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് എന്റെ തീരുമാനം.”-എക്‌സിലും ഇൻസ്റ്റാഗ്രാമിലും അദ്ദേഹം വ്യക്തമാക്കി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിവിധ ഭാഷകളിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട യൂറോപ്യൻ രാജ്യമാണ് ഇപ്പോൾ ഫ്രാൻസ്.
അമേരിക്കയുടെ പിന്തുണയോട് കൂടെ ഫലസ്തീന് മേലുള്ള ഇസ്രായേൽ ക്രൂരത ഗാസയിൽ നിരവധി ജീവനുകൾ പൊലിയാൻ കാരണമായി. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും നിരവധി കുട്ടികളാണ് ഗാസയിൽ മരിച്ചു വീഴുന്നത്. പട്ടിണി കാരണം പൊറുതിമുട്ടുന്ന ഗാസയിൽ അടിയന്തരമായി ഇടപെടണമെന്ന് നൂറിലേറെ സന്നദ്ധസംഘടനകളും മനുഷ്യാവകാശസംഘടനകളും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
https://x.com/EmmanuelMacron/status/1948482142356603089?t=72ULUEsQbkUqpzqjJaDOFg&s=08