ഡസൽഡോർഫ്(ജർമ്മനി)- ലോക ഫുട്ബോളിലെ രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള തീ പാറും പോരാട്ടത്തിൽ വിജയം ഫ്രാൻസിന്. മത്സരത്തിന്റെ എൺപത്തിനാലാമത്തെ മിനിറ്റിൽ റംദാൽ കോലോ മുവാനി നേടിയ ഗോളിലൂടെ ഫ്രാൻസ് യൂറോ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. ഈ യൂറോ കപ്പിലെ താരപോരാട്ടമെന്ന് വിശേപ്പിക്കപ്പെട്ട മത്സരത്തിലാണ് ഫ്രാൻസിന്റെ വിജയം. മത്സരത്തിന്റെ ഒടുക്കം വരെ ഒരിഞ്ചു വിട്ടുകൊടുക്കാതെയായിരുന്നു ബെൽജിയത്തിന്റെ പോരാട്ടവും.
ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമായ എംബാപ്പെയിലായിരുന്നു ഇന്നും ഫ്രാൻസിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് കറുത്ത മാസ്ക് ധരിച്ച് കളിക്കളത്തിലെത്തിയ എംബപ്പെ ആരാധകരുടെ പ്രതീക്ഷക്കൊത്ത് നിരവധി മുന്നേറ്റങ്ങൾ പുറത്തെടുക്കുകയും ചെയ്തു.
ആദ്യ അഞ്ച് മിനിറ്റുകളിൽ പൊസിഷനിൽ ആധിപത്യം പുലർത്തിയ ഫ്രാൻസ്, ഫുൾ ബാക്ക് ഹെർണാണ്ടസിനൊപ്പം ഇടതു വിങ്ങിൽ നിന്ന് എംബാപ്പെയെയും ആക്രമണത്തിനായി നിയോഗിച്ചു. പകച്ചുനിൽക്കാതെ പ്രത്യാക്രമണവുമായി ബെൽജിയവും കളം നിറഞ്ഞതോടെ ആരാധകർക്ക് ലഭിച്ചത് മനനിറച്ചുള്ള ഫുട്ബോൾ വിരുന്നായിരുന്നു.
പത്താമത്തെ മിനിറ്റിൽ ഗ്രീസ്‌മാൻ ലക്ഷ്യത്തിലേക്കുള്ള ഫ്രാൻസിന്റെ ആദ്യ ഷോട്ട് എടുത്തെങ്കിലും ആ ഷോട്ടിന് ശക്തിയില്ലായിരുന്നു. അധികം വൈകാതെ കൂണ്ടെയുടെ നേതൃത്വത്തിലുള്ള ആക്രമണം ബെൽജിയം പ്രതിരോധ നിര തകർത്തു. തുടക്കത്തിൽ എംബപ്പയെക്കാളേറെ ഗ്രീസ്മാനാണ് ഫ്രാൻസ് നിരയിൽ അപകടകരമായ മുന്നേറ്റം നടത്തിയത്. ഇരുപത്തിയഞ്ചാമത്തെ മിനിറ്റിൽ ഗ്രീസ്മാന് മഞ്ഞക്കാർഡ് ലഭിച്ചു. ബെൽജിയൻ താരത്തെ ഫൗൾ ചെയ്തതിനായിരുന്നു ഇത്. ആദ്യത്തെ 25 മിനിറ്റിനുള്ളിൽ മൂന്ന് ഫ്രഞ്ച് താരങ്ങൾ മഞ്ഞക്കാർഡ് നേടി. ആദ്യ പകുതി അവസാനിക്കുന്നത് വരെയും ബെൽജിയൻ താരങ്ങൾക്കൊന്നും കാർഡ് ലഭിച്ചില്ല. എഴുപത്തിയേഴാമത്തെ മിനിറ്റിലാണ് ബെൽജിയം താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചത്. തൊട്ടടുത്ത മിനിറ്റിൽ ബെൽജിയം പരിശീലകനും മഞ്ഞ ലഭിച്ചു.
ആദ്യത്തെ അരമണിക്കൂറിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഫ്രാൻസിനെ പിന്നീട് ബെൽജിയം പിടികൂടുന്ന കാഴ്ച്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ പകുതി ഗോളൊന്നും നേടാതെ അവസാനിച്ചു.
രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടിയാണ് ഇരു ടീമുകളും കളത്തിലെത്തിയത്. ലുകാക്കു ബെൽജിയം നിരയിലും എംബപ്പെയും ചൗമീനിയും ഫ്രാൻസ് നിരയിലും നിരവധി മുന്നേറ്റങ്ങൾ നടത്തി.
ഒരു ഗോൾ വീണതോടെ ബെൽജിയം ആക്രമണം ശക്തമാക്കിയെങ്കിലും അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ആറു മിനിറ്റിൽ ചെയ്യാവുന്നതെല്ലാം ചെയ്തെങ്കിലും ബെൽജിയം നിര മറ്റൊരു രാജ്യാന്തര ടൂർണ്ണമെന്റിൽനിന്ന് കൂടി പുറത്തുപോകുന്ന കാഴ്ച്ചക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്.