തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ജീർണതകളും തിരുത്തലുകളും ചൂണ്ടിക്കാട്ടുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ടിന് പിന്നാലെ സർക്കാർ നിയോഗിച്ച ഏഴംഗ പ്രത്യേക അന്വേഷണ സംഘം പണി തുടങ്ങി. സിനിമാ മേഖലയിലെ നടിമാർ ഉൾപ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകളുടെയും ലൈംഗികാതിക്രമ പരാതികളുടെയും പശ്ചാത്തലത്തിൽ നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്.
വെളിപ്പെടുത്തലുകൾ നടത്തിയ എല്ലാവരുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്താനും അതിന് പട്ടിക തയ്യാറാക്കാനും സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസ് ആസ്ഥാനത്ത് ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിൽ തീരുമാനിച്ചു. ഇതനുസരിച്ച് വിവിധ സ്റ്റേഷനുകളിലായി സിനിമാ മേഖലയിലെ സ്ത്രീകൾ നൽകിയ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ഡി.ജി.പി നിർദേശിച്ചു. എല്ലാ ലോക്കൽ പോലീസ് സ്റ്റേഷനുകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏഴംഗ അന്വേഷണ സംഘത്തിലുള്ള നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കുക. ഉത്തര കേരളത്തിലെയും മദ്ധ്യ കേരളത്തിലെയും പരാതികൾ ജി പൂങ്കുഴലിയും ഐശ്വര്യ ഡോങ്ക്‌റെയുമായിരിക്കും അന്വേഷിക്കുക. തെക്കൻ കേരളത്തിലെ ചുമതല അജീത ബീഗത്തിനും മെറിൻ ജോസഫിനുമാണ് നൽകിയിട്ടുള്ളത്. ഇവർക്ക് ആവശ്യമുള്ള വനിതാ അംഗങ്ങളെ കൂടുതലായി ഉൾപ്പെടുത്തി സംഘത്തെ വിപുലീകരിക്കാനും അനുവാദം നൽകിയിട്ടുണ്ട്.
നടനും കൊല്ലം എം.എൽ.എയുമായ എം മുകേഷ് അടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയുടെ മൊഴി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തി രേഖപ്പെടുത്തും. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെച്ച സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നടി ബംഗാളിൽനിന്ന് നേരിട്ട് വന്നില്ലെങ്കിൽ വീഡിയോ കോൾ വഴി ആദ്യം വിശദമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. അതിന് ശേഷം മജിസ്‌ട്രേറ്റിന് അപേക്ഷ നൽകും. കോടതി വഴി ബംഗാളിൽ വെച്ച് രഹസ്യമൊഴി രേഖപ്പെടുത്താനാണ് പദ്ധതി. എല്ലാ തെളിവെടുപ്പുകളും പഴുതടച്ച് അതീവ രഹസ്യ സ്വഭാവത്തിലായിരിക്കും.
നടിമാരുടെ വിവിധ ലൈംഗിക ആരോപണങ്ങളെ തുടർന്ന് പ്രശ്‌നം അതിരൂക്ഷമായതോടെ താരസംഘടനയായ അമ്മ ഇന്ന് പിരിച്ചുവിടുകയായിരുന്നു. പ്രശ്‌നം കൈകാര്യം ചെയ്തതിൽ അമ്മ നേതൃത്വത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന രൂക്ഷമായ വിമർശങ്ങൾക്കു പിന്നാലെയാണ് ഭരണസമിതി ഒന്നടങ്കം പിരിച്ചുവിട്ട് ചെയർമാൻ മോഹൻലാൽ രാജിക്കത്ത് സമർപ്പിക്കാൻ നിർബന്ധിതനായത്.