മക്ക: അല്ലാഹുവിന്റെ അതിഥികളായ ഹജ് തീർഥാടകരെ സേവിക്കാനായി വിശുദ്ധ ഹറമിൽ നാലായിരത്തിലേറെ വളണ്ടിയർമാർ സേവനമനുഷ്ഠിക്കുന്നു. 41 സർക്കാർ, സിവിൽ, നോൺ പ്രോഫിറ്റ് സ്ഥാപനങ്ങളെയും വകുപ്പുകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് 4,192 വളണ്ടിയർമാരാണ് ഹാജിമാരെ സേവിക്കാനായി 12 വ്യത്യസ്ത മേഖലകളിലായി 32 സന്നദ്ധസേവന അവസരങ്ങളിൽ പങ്കാളിത്തം വഹിക്കുന്നത്.
വീൽചെയറുകൾ തള്ളൽ, ആരോഗ്യ, അടിയന്തര സേവനങ്ങൾ, സുരക്ഷ, ബോധവൽക്കരണം, പൊതുസേവനം, സാമൂഹിക സേവനങ്ങൾ എന്നിങ്ങിനെ വ്യത്യസ്ത മേഖലകളിൽ വളണ്ടിയർമാർ സേവനമനുഷ്ഠിക്കുന്നു. ഹറമിലും മുറ്റങ്ങളിലും ഹാജിമാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സന്ദർശകരുടെയും തീർത്ഥാടകരുടെയും നീക്കങ്ങൾ സുഗമമാക്കാനും സുപ്രധാന സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് ആവശ്യമായ പിന്തുണ നൽകാനും വളണ്ടിയർ സേവനം സഹായകമാകുന്നു.
സന്നദ്ധപ്രവർത്തനങ്ങളെ പിന്തുണക്കുക, സന്നദ്ധപ്രവർത്തകരുടെ എണ്ണം വർധിപ്പിക്കുക, സമൂഹദാന സംസ്കാരം വളർത്തുക, തീർത്ഥാടകരെ സേവിക്കുന്നതിൽ ഇസ്ലാമിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനും തീർത്ഥാടകരെ സേവിക്കാനും വിവിധ മേഖലകൾ നടത്തുന്ന ശ്രമങ്ങൾ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് വളണ്ടിയർ സേവനം പ്രയോജനപ്പെടുത്തുന്നത്.