കൽപ്പറ്റ- വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ച നാലു പേരുടെ മൃതദേഹങ്ങൾ സൂചിപ്പാറയിൽനിന്ന് കണ്ടെത്തി. വനാന്തർ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വനപാലകരും സന്നദ്ധ പ്രവർത്തകരും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഹെലികോപ്റ്റർ വഴിയാണ് വനപാലകർ ഇവിടെ എത്തിയത്. സൂചിപ്പാറയിലെ കാന്തപ്പാറ ഭാഗത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവിടെ നിന്ന് ഹെലികോപ്റ്റർ വഴിയായിരിക്കും മൃതദേഹങ്ങൾ പുറത്തേക്ക് കൊണ്ടുവരിക. അധികൃതരുടെ നേതൃത്വത്തിൽ ജനകീയ തെരച്ചിലാണ് ഇവിടെ നടത്തിയത്.
ഈ മേഖലയിൽ മൃതദേഹങ്ങളുണ്ടാകാം എന്ന് നേരത്തെ തന്നെ സന്നദ്ധ പ്രവർത്തകർ അറിയിച്ചിരുന്നു.
ഉരുള്‍വെള്ളം ഒഴുകിയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ജനകീയ തെരച്ചില്‍ നടത്താൻ തീരുമാനിച്ചിരുന്നു. മണ്ണില്‍ പുതഞ്ഞ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തെരച്ചില്‍.ദുരന്തബാധിതരില്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവര്‍ പങ്കെടുക്കും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പത്താം ദിനമായ ഇന്നലെ ചാലിയാര്‍ പുഴയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 226 ആയി. ചാലിയാറില്‍നിന്നു ഒരു ശരീരഭാഗവും ലഭിച്ചു. ഇന്നലെ ഒരു മൃതദേഹവും ആറ് ശരീരഭാഗങ്ങളും പുത്തുമലയില്‍ സംസ്‌കരിച്ചു.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, സൂചിപ്പാറ വെള്ളച്ചാട്ടം, സണ്‍റൈസ് വാലി, പോത്തുകല്ല് എന്നിവിടങ്ങളില്‍ ഇന്നലെ തെരച്ചില്‍ നടന്നു. 10 ദിവസം നീണ്ട രക്ഷാദൗത്യത്തിനുശേഷം സേനയിലെ ഒരു വിഭാഗം മടങ്ങി. ഇന്ത്യന്‍ ആര്‍മി, നേവി, റിക്കോ റഡാര്‍ ടീം അംഗങ്ങളായ സൈനികര്‍ക്ക് ജില്ലാ ഭരണകൂടം യാത്രയയപ്പ് നല്‍കി. എംഇജിയിലെ 23 ഉം ഡൗണ്‍സ്ട്രീം സെര്‍ച്ച് ടീമിലെ 13 ഉം സൈനികര്‍ ജില്ലയില്‍ തുടരും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 14 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 634 കുടുംബങ്ങളിലെ 1.918 ആളുകളാണ് ക്യാമ്പുകളിലുള്ളത്.