സിയോൾ- രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കലാപക്കുറ്റം ചുമത്തി ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോളിനെ ദക്ഷിണ കൊറിയൻ അധികൃതർ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് പദവിയിൽനിന്ന് നീക്കിയ ശേഷം യൂൻ സൂക് യോളിനെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് വൻ വാഹന വ്യൂഹമെത്തി യൂനിനെ അറസ്റ്റ് ചെയ്തത്.
മുവായിരത്തിലധികം വരുന്ന പോലീസ് ഉദ്യോഗസ്ഥരും അഴിമതി വിരുദ്ധ അന്വേഷകരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. യൂനിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ പാർട്ടിയായ പീപ്പിൾ പവർ പാർട്ടി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. യൂനിനെ തടങ്കലിൽ വയ്ക്കാനുള്ള ശ്രമങ്ങൾ നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ പരസ്യമായി അപമാനിക്കുന്നതിനാണ് അറസ്റ്റ് നടപടികളെന്നും യൂനിന്റെ അഭിഭാഷകർ വാദിച്ചു.
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചത് ലോകത്തെ അടക്കം ഞെട്ടിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ദക്ഷിണ കൊറിയയെ ഇത് അഭൂതപൂർവമായ രാഷ്ട്രീയ പ്രക്ഷുബ്ധതയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. ഡിസംബർ 14 നാണ് യൂണിനെ ഇംപീച്ച് ചെയ്യാൻ തീരുമാനിച്ചത്.