തൃശൂർ: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും കേരള കോച്ചുമായിരുന്ന ടി.കെ ചാത്തുണ്ണി (79) അന്തരിച്ചു. അർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ ഇന്ത്യൻ ഫുട്‌ബോളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. ടീമിന്റെ പ്രതിരോധനിരയിലെ പ്രധാന പോരാളിയായിരുന്നു. 1979-ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. കേരള പോലീസ് ആദ്യമായി ഫെഡറേഷൻ കപ്പ് കിരീടം ചൂടിയത് ടി.കെ ചാത്തുണ്ണിയുടെ പരിശീലനത്തിലായിരുന്നു.
സന്തോഷ് ട്രോഫിയിൽ കേരള, ഗോവ, സർവീസസ്, മഹാരാഷ്ട്ര ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. വാസ്‌കോ ഗോവ, സെക്കന്ദരാബാദ്, ഓർകേ മിൽസ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും താരമായിരുന്നു. മോഹൻ ബഗാൻ കൊൽക്കത്ത, എഫ്.സി കൊച്ചിൻ, ഡെംപോ ഗോവ, ചർച്ചിൽ ബ്രദേഴ്‌സ്, സാൽഗോക്കർ ഗോവ തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഫുട്‌ബോൾ മൈ സോൾ എന്ന പുസ്തകം അദ്ദേഹത്തിന്റെ ആത്മകഥയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group