തെഹ്‌റാന്‍ – പാലങ്ങൾ ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങൾ തകർക്കുന്നതിലൂടെ ഇറാൻ ജനതയെ കീഴടക്കാമെന്ന് ആരും കരുതേണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ ശത്രുക്കളുടെ പരാജയത്തെയും ധാർമ്മിക തകർച്ചയെയുമാണ് കാണിക്കുന്നത്. തകർക്കപ്പെട്ട ഓരോ പാലങ്ങളും കെട്ടിടങ്ങളും മുമ്പത്തേക്കാൾ കരുത്തോടെ പുനർനിർമ്മിക്കാനുള്ള ഇച്ഛാശക്തി ഇറാത്തിനുണ്ട്. എന്നാൽ ഇത്തരം നയങ്ങൾ കാരണം അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ സൽപ്പേരിന് ഏൽക്കുന്ന ആഘാതം ഒരിക്കലും പരിഹരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ ഏറ്റവും വലിയ പാലം ബോംബാക്രമണത്തിൽ തകരുന്നത് കാണിക്കുന്ന വീഡിയോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിഷയം ചർച്ചയായത്. ഇറാനിലെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് ട്രംപ് ഭീഷണി മുഴക്കി. തകർക്കപ്പെട്ട പാലം ഇനി ഒരിക്കലും ഉപയോഗിക്കാൻ കഴിയില്ലെന്നും, ഇറാനിൽ ഒന്നും ബാക്കിയാകാത്ത സാഹചര്യം വരുന്നതിന് മുമ്പ് ഒരു കരാറിലെത്താൻ അവർ തയ്യാറാകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ ശിലായുഗത്തിലേക്ക് മടക്കിക്കൊണ്ടുപോകുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്.
തലസ്ഥാനമായ തെഹ്‌റാനെ ഖാർഗ് നഗരവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബി-1 പാലമാണ് വ്യോമാക്രമണത്തിൽ തകർന്നത്. അൽബോർസ് പ്രവിശ്യയിലെ ഈ പാലത്തിന് നേരെ നടന്ന ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. നിർമ്മാണത്തിലിരുന്ന ഈ പാലത്തിന് 447 അടി ഉയരമുണ്ട്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നാണിത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായാണ് ഈ ആക്രമണം നടത്തിയതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ബി-1 പാലത്തിന് നേരെ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തിന് ശേഷം ഇരകളെ സഹായിക്കാൻ എമർജൻസി സംഘങ്ങൾ സ്ഥലത്തെത്തിയപ്പോഴാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സിവിലിയൻ ലക്ഷ്യങ്ങളെ ഇത്തരത്തിൽ ആക്രമിക്കുന്നത് ഇറാന്റെ പ്രതിരോധ വീര്യത്തെ തകർക്കില്ലെന്ന് ഭരണകൂടം ആവർത്തിച്ചു.



