ജിദ്ദ – കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 2,190 ബില്യണ്‍ റിയാലിന്റെ (584 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദിയില്‍ തുടര്‍ച്ചയായ മൂന്നാം പാദത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 37.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിദേശ നിക്ഷേപം ത്വരിതപ്പെടുത്താനും സമ്പദ്വ്യവസ്ഥയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുമായി സൗദി അറേബ്യ സമീപ കാലത്ത് പരിഷ്‌കരിച്ച നിക്ഷേപ നിയമം അംഗീകരിച്ചിട്ടുണ്ട്.
സുതാര്യത വര്‍ധിപ്പിക്കാനും നിക്ഷേപ നടപടിക്രമങ്ങള്‍ ലളിതമാക്കാനും നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും തുല്യ അവസരങ്ങളും ന്യായമായ മത്സരവും കൈവരിക്കാനുമാണ് നിക്ഷേപ നിയമം പരിഷ്‌കരിച്ചതിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
2024 ല്‍ 5,900 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. 2023 ല്‍ ഇത് 10,630 കോടി റിയാലായിരുന്നു.
2023 ആദ്യ പാദത്തില്‍ 2,150 ഉം രണ്ടാം പാദത്തില്‍ 2,790 ഉം മൂന്നാം പാദത്തില്‍ 2,630 ഉം നാലാം പാദത്തില്‍ 3,070 ഉം 2024 ആദ്യ പാദത്തില്‍ 950 ഉം രണ്ടാം പാദത്തില്‍ 1,170 ഉം മൂന്നാം പാദത്തില്‍ 1,600 ഉം നാലാം പാദത്തില്‍ 2,190 ഉം കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തി. കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ ആകെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 95,640 കോടി റിയാലായി ഉയര്‍ന്നു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആകെ നേരിട്ടുള്ള നിക്ഷേപങ്ങളില്‍ 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച വിദേശ കമ്പനികളുടെ എണ്ണത്തിലെയും സ്വകാര്യവല്‍ക്കരണ പദ്ധതികളില്‍ ലഭ്യമായ വലിയ നിക്ഷേപ അവസരങ്ങളിലെയും വര്‍ധനവിന് അനുസൃതമായാണ് സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവാസാനത്തോടെ സൗദിയില്‍ വിദേശ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം 14,300 ആയി വര്‍ധിച്ചു. 2023 നെ അപേക്ഷിച്ച് 2024 ല്‍ വിദേശ നിക്ഷേപ ലൈസന്‍സുകളുടെ എണ്ണത്തില്‍ 67.5 വളര്‍ച്ച രേഖപ്പെടുത്തി.