കണ്ണൂർ – കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണത്തിന് പുറമെ ഒരു കോടിയോളം രൂപയുടെ വിദേശ കറൻസികളും കടത്തി. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദിവസം പിടിയിലായ സുഹൈലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡി. ആർ. ഐയ്ക്ക് ഈ വിവരം ലഭിച്ചത്.
ശരീരത്തിൽ സ്വർണം ഒളിപ്പിച്ചുവെച്ച് കടത്തുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായ വനിത എയർഹോസ്റ്റസ് സ്വർണ്ണം കടത്തിയത് കൊടുവള്ളി സ്വദേശിക്ക് വേണ്ടിയാണെന്നും സുഹൈൽ സൂചന നൽകി. ഈ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കും. മലബാറിലെ സ്വർണ്ണക്കടത്തിന്റെ ഹബ് ആയാണ് കൊടുവള്ളി അറിയപ്പെടുന്നത്.
സ്വർണ്ണക്കടത്തും, കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതുമായ നിരവധി സംഘങ്ങൾ ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കൊടുവള്ളി സ്വ സ്വദേശി ബാബു എന്നയാൾക്ക് വേണ്ടിയാണ് എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ച് സ്വർണ്ണം കടത്തിയത്. ഒരു കോടിയോളം രൂപ മൂല്യമുള്ള വിദേശ കറൻസിയും ബാബുവിന് വേണ്ടിയാണ് കടത്തിയതെന്നാണ് സുഹൈൽ മൊഴി നൽകിയത്. ഇയാൾക്കായി ഡിആർഐ തെരച്ചിൽ ശക്തമാക്കി.
എയർ ഇന്ത്യാ എക്സ്പ്രസിലെ സീനിയർ ക്യാബിൻ ക്രൂ സുഹൈൽ സ്വർണ്ണത്തിന് പുറമേ 1 കോടി രൂപയോളം മൂല്യമുള്ള വിദേശ കറൻസിയും കടത്തിയിട്ടുണ്ടെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. ഇതിന് സ്ഥിരീകരണം നൽകുന്നതാണ് സുഹൈലിന്റെ മൊഴി. നാട്ടിലെ വിമാനതാവളങ്ങളിൽ എത്തിച്ചതിൽ ഏറെയും ഒമാൻ, ഖത്തർ റിയാലുകളും അമേരിക്കൻ ഡോളറുമായിരുന്നു.
കൊച്ചിയിലെ ഒരു മാളിൽ വെച്ചാണ് കറൻസികൾ കൈമാറിയിരുന്നതെന്നും സുഹൈൽ മൊഴി നൽകി.
സ്വർണ്ണം കടത്തിയ എയർഹോസ്റ്റസിന് നൽകാൻ ബാബു ഐ ഫോൺ ഈ മാളിൽ വെച്ച് കൈമാറിയിരുന്നു. ഈ ഐ ഫോൺ ഡിആർഐ പിടിച്ചെടുത്തു. കള്ളക്കടത്തിൽ കൂടുതൽ എയർ ഹോസ്റ്റസുമാർക്ക് പങ്കുണ്ടെന്ന് മനസിലാക്കിയതോടെ ഇവരെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഡിആർഐ.