കൊച്ചി- കൊച്ചിയിൽ തൊഴിലാളിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ ട്വിസ്റ്റ്. തൊഴിലുടമയോട് വൈരാഗ്യമുള്ള മുൻ മാനേജർ ചിത്രീകരിച്ച ദൃശ്യമാണെന്നും തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ള യുവാവ് പറഞ്ഞു. തൊഴിൽ പീഡനം നേരിട്ടിട്ടില്ലെന്നും യുവാവ് വ്യക്തമാക്കി.
കൊച്ചിയിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന മാർക്കറ്റിങ് കമ്പനിയിലെ തൊഴിലാളികളെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. സ്ഥാപനത്തിന്റെ ഉടമ ഉബൈദാണ് പീഡനം നടത്തിയത് എന്നായിരുന്നു പ്രചാരണം. ഉബൈദ് എന്ന ഉദ്യോഗസ്ഥൻ ജീവനക്കാരെ കൊണ്ട് അവരുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് അർധ നഗ്നനരാക്കുകയും നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇത് മുൻ മാനേജർ മനാഫ് ചിത്രീകരിച്ച ദൃശ്യങ്ങളാണെന്നും ഇയാളെ നേരത്തെ കമ്പനിയിൽനിന്ന് പുറത്താക്കിയത് എന്നുമാണ് തൊഴിലാളി പറയുന്നത്. സ്ഥാപന ഉടമയെ മോശക്കാരനാക്കാനാണ് ഇങ്ങിനെ വീഡിയോ ചിത്രീകരിച്ചത് എന്നും തൊഴിലാളി പറയുന്നു. മനാഫ് മാസങ്ങൾക്ക് മുമ്പ് തങ്ങളെ നിർബന്ധിപ്പിച്ചാണ് ഇങ്ങിനെ വീഡിയോ ചിത്രീകരിച്ചത് എന്നും തൊഴിലാളി പറയുന്നു.
ഈ ദൃശ്യം ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ കേരളത്തിനെതിരെ രംഗത്തുവന്നിരുന്നു. നമ്മുടെ മക്കളെ ആരാണ് ഈ ഗതികേടിലെത്തിച്ചത് ? എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖർ ആരോപണം ഉന്നയിച്ചിരുന്നത്. കേരളത്തിലെ ഒരു തൊഴിലിടത്തിലാണ് മനുഷ്യത്വരഹിതമായ ഇത്തരം പീഡനങ്ങൾ അരങ്ങേറുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന അവകാശവാദങ്ങൾക്കപ്പുറം ഇവയൊക്കെയാണ് കേരളത്തിൻ്റെ ദയനീയമായ അവസ്ഥയെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം.
ഫലസ്തീന് വേണ്ടി കരയുന്ന പിണറായി വിജയനും കച്ചവട സിനിമകൾക്ക് വേണ്ടിപ്പോലും മുറവിളി കൂട്ടുന്ന ഡിവൈഎഫ്ഐയും ഈ പാവം ചെറുപ്പക്കാരെ കാണുന്നില്ലേ? നമ്മുടെ യുവാക്കളെ ഈ ഗതികേടിലെത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഇടതും വലതും മാറി മാറി ഭരിച്ച കേരളത്തിലെ സർക്കാരുകൾക്ക് മാത്രമാണെന്നും ഈ അവസ്ഥ മാറണമെന്നുമായിരുന്നു ചന്ദ്രശേഖറിന്റെ പ്രസ്താവന.