ന്യൂയോർക്ക്- അക്രമിയുടെ തോക്കിൽനിന്ന് പറന്ന വെടിയുണ്ട തൊട്ടുരുമി കടന്നുപോകുകയും വധശ്രമത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തതോടെ അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിച്ഛായ അത്ഭുകരമായി വർധിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 2024 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഡൊണാൾഡ് ട്രംപിൻ്റെ ജീവനെടുക്കാനുള്ള ശ്രമം രാഷ്ട്രീയ ഭാവിയിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് അറിയാൻ ഇനിയും സമയമുണ്ട്. അതേസമയം, പെൻസിൽവാനിയയിലെ ഒരു റാലിയുടെ വേദിയിൽനിന്ന് ചോരയൊലിപ്പിച്ചെത്തിയ മുൻ പ്രസിഡൻ്റിൻ്റെ പ്രതിച്ഛായ ഇതിനകം തന്നെ ഐക്കണിക് പദവി നേടിയിട്ടുണ്ട്.
ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള വ്യക്തവും കൃത്യവുമായ ഭീഷണിയായാണ് ലോക നേതാക്കളടക്കം ഈ ആക്രമണത്തെ കാണുന്നത്. തിങ്കളാഴ്ച മിൽവാക്കിയിൽ ആരംഭിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ നാമനിർദ്ദേശ കൺവെൻഷൻ കൂടുതൽ ആവേശകരമാകും. പലപ്പോഴും ഭിന്നിപ്പുണ്ടാക്കുന്ന തരത്തിൽ പ്രസംഗം നടത്തുന്ന ട്രംപ് വധശ്രമം നടന്ന ശേഷം തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. “തിന്മയെ ജയിക്കാൻ അനുവദിക്കാതെ” അമേരിക്കക്കാർ ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനം ട്രംപിനെ ജനങ്ങൾക്കിടയിൽ ഉയർന്ന നിലയിൽ പ്രതിഷ്ഠിച്ചു.
ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ മുൻ പേജുകൾ ട്രംപിന് നേരെയുള്ള വധശ്രമത്തിന്റെ വാർത്തകളാൽ നിറഞ്ഞു. ലോക നേതാക്കളെല്ലാം വധശ്രമത്തെ അപലപിക്കുകയും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ മുഷ്ഠി ഉയർത്തി നിൽക്കുന്ന ട്രംപിന്റെ ചിത്രം ഇതേവരെയുള്ള മുഴുവൻ തെരഞ്ഞെടുപ്പ് പരസ്യങ്ങളെ കടത്തിവെട്ടുന്നതുമായി. അതേസമയം, പ്രസിഡൻ്റ് ജോ ബൈഡൻ്റെ ദുർബലതയെക്കുറിച്ചുള്ള വിനാശകരമായ തലക്കെട്ടുകളും പത്രങ്ങളിൽ നിറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ വൈറ്റ് ഹൗസ് സ്ട്രാറ്റജിസ്റ്റ് ഡേവിഡ് അക്സൽറോഡ്, ട്രംപിനെ “ഒരുതരം രക്തസാക്ഷിയായി അഭിവാദ്യം ചെയ്യപ്പെടുമെന്ന്” സിഎൻഎന്നിൽ പ്രവചിച്ചു. അതേസമയം, ട്രംപിനെതിരായ ആക്രമണം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകവുമാണ്.
വെടിവെപ്പിൽ രോഷാകുലരായ അമേരിക്കക്കാരിൽ നിന്ന് ട്രംപിന് എന്തെങ്കിലും തരത്തിലുള്ള പിന്തുണ ലഭിക്കുമെന്ന് വ്യക്തമാണ്. ബൈഡൻ ഇന്ന് രാത്രി അമേരിക്കയെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.