മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് നേരിട്ട അവഹേളനത്തെത്തുടര്‍ന്ന് നവവധു സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പോലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെ മകള്‍ ഷഹാന മുംതാസാണ് (19) ചൊവ്വാഴ്ച തൂങ്ങിമരിച്ചത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. ബോഡി ഷെയ്മിംഗിനെതിരെ ഹൈക്കോടതി കര്‍ശന നിലപാടെടുത്ത പശ്ചാത്തലത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണ് പോലീസ്.
അബുദാബിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് കിഴിശേരി പൂന്തലപ്പറമ്പ് സ്വദേശി അബ്ദുള്‍ വാഹിദിനെ നാട്ടിലെത്തിച്ചേക്കും. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി.സേതു അറിയിച്ചു. കഴിഞ്ഞ മേയ് 27നായിരുന്നു ഷഹാനയുടെ നിക്കാഹ്. ജൂണ്‍ 24ന് വാഹിദ് ഗള്‍ഫിലേക്ക് തിരിച്ചുപോയി. ഒരാഴ്ചയ്ക്ക് ശേഷം നിറത്തിന്റെയും ഇംഗ്ലീഷ് അറിയാത്തതിന്റെയും പേരില്‍ ഫോണില്‍ വിളിച്ച്, നിരന്തരം മാനസികമായി പീഡിപ്പിച്ചു.
ബന്ധു മുഖേനയാണ് വാഹിദിന്റെ വിവാഹാലോചന എത്തുന്നത്. ആദ്യം വീട്ടുകാരും ഗള്‍ഫില്‍ നിന്നെത്തിയശേഷം വാഹിദും ഷഹാനയെ വീട്ടിലെത്തി കണ്ട് ഇഷ്ടപ്പെട്ടു. ഇതിനുശേഷം രണ്ടുതവണ ഷഹാനയെ വാഹിദ് വീട്ടിലെത്തി കണ്ടിരുന്നു. നിക്കാഹിനുശേഷം വയനാട്ടിലേക്ക് വിനോദയാത്ര പോവുകയും ഷഹാനയുടെ വീട്ടില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഷഹാനയുടെ ജന്‍മദിനത്തില്‍ ഗിഫ്റ്റുകളും നല്‍കിയിരുന്നു. അപ്പോഴൊന്നും പ്രശ്നം ഉന്നയിച്ചിരുന്നില്ല.
ഭര്‍ത്താവിന്റെ അപ്രതീക്ഷിത മനംമാറ്റവും മൊഴി ചൊല്ലണമെന്ന ഭര്‍തൃവീട്ടുകാരുടെ നിലപാടും ഷഹാനയെ മാനസികമായി തളര്‍ത്തി. ദിവസങ്ങള്‍ക്കുമുമ്പ് കൈത്തണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഗള്‍ഫിലുള്ള പിതാവ് എത്തിയ ശേഷം കൊണ്ടോട്ടി പഴയങ്ങാടി ജുമാഅത്ത് മസ്ജിദില്‍ ഷഹാനയുടെ മൃതദേഹം ഖബറടക്കി. യുവതിയുടെ ആത്മഹത്യയില്‍ സ്വമേധയ കേസെടുത്ത വനിതാ കമ്മീഷന്‍ ഇതുസംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.