പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന വേദിയിലെ ടെന്റിനുള്ളിൽ രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൻ അഗ്നിബാധ. 18 ടെന്റുകളിലേക്ക് തീ പടർന്നു. ടെന്റുകളെല്ലാം കത്തി നശിച്ചു. അതേസമയം ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മഹാകുംഭമേളയിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഒരുക്കി നിർത്തിയിരുന്ന ഫയർ ട്രക്കുകൾ സംഭവസ്ഥലത്ത് കുതിച്ചെത്തി തീയണച്ചു. ചുറ്റുമുള്ള ടെന്റുകളിൽ താമസിക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നിർദ്ദേശിച്ചു. സ്ഥിതിഗതികൾ പരിശോധിക്കാൻ മുഖ്യമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചു. “മഹാകുംഭമേളയുടെ സെക്ടർ 19 -ലാണ് രണ്ട് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്.
“വളരെ ദുഃഖകരമായ സംഭവമാണ് നടന്നത്. മഹാകുംഭത്തിലെ തീപിടിത്തം എല്ലാവരെയും ഞെട്ടിച്ചു. ഭരണകൂടം അടിയന്തര ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഉറപ്പാക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കായി ഞങ്ങൾ ഗംഗാ മാതാവിനോട് പ്രാർത്ഥിക്കുന്നുവെന്ന് എന്ന് മഹാകുംഭത്തിന്റെ ഔദ്യോഗിക ഹാൻഡിൽ പോസ്റ്റ് ചെയ്തു.
45 ദിവസത്തെ മഹാകുംഭമേള ജനുവരി 13-നാണ് ആരംഭിച്ചത്. ശനിയാഴ്ച വരെ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം 7.72 കോടിയിലധികം ആളുകൾ ഇവിടം സന്ദർശിച്ചു ഞായറാഴ്ച 46.95 ലക്ഷത്തിലധികം ഭക്തർ സ്നാനം (പുണ്യസ്നാനം) നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.