കുവൈത്ത് സിറ്റി: അടിക്കടിയുണ്ടാകുന്ന തീപ്പിടിത്തത്തിന്റെ ഞെട്ടലിലാണ് കുവൈത്തിലെ പ്രവാസികൾ അടക്കമുള്ള സമൂഹം. കഠിന ചൂടിൽ അകവും പുറവും പൊള്ളുന്നതിനൊപ്പമാണ് ഓരോ ദിവസവും തീപ്പിടിത്തങ്ങളുമുണ്ടാകുന്നത്. രണ്ട് മാസത്തിനുള്ളിൽ അമ്പതിലധികം പേരാണ് തീപ്പിടിത്തത്തിൽ മരണപ്പെട്ടത്. അവസാനമായി ഇന്നലെ കുവൈത്തിലെ മലയാളി ഏരിയയായി അറിയപ്പെടുന്ന അബ്ബാസിയിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ദാരുണമായി മരിച്ചു. കഴിഞ്ഞമാസം മംഗഫിലുണ്ടായ വലിയ തീപിടുത്തത്തിൽ 24 മലയാളികളടക്കം 49 പേർ മരിച്ചിരുന്നു.
അമ്പത് ഡിഗ്രി ചൂടാണ് കുവൈത്തിൽ രേഖപ്പെടുത്തുന്നത്. കഠിന ചൂടിലൂടെ ഷോർട്ട് സർക്യൂട്ട് മുഖേനെയും ഗ്യാസിൽ നിന്നുമുള്ള തീപിടുത്തത്തിലൂടെ ഉണ്ടാകുന്ന പുക ശ്വസിച്ചാണ് അധിക പേരും മരണപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് ഫർവാനിയലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിലും സിറിയൻ വംശജരായ ഒരു കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ടിരുന്നു.
49 പേർ മരിച്ച മംഗഫ് തീപിടുത്തത്തെ തുടർന്ന് കുവൈത്തിൽ വലിയ നിയമങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ബിൽഡിംഗിന് താഴെ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളും ഗോഡൗണുകളും ഗ്ലാസും മറ്റും പൊളിപ്പിച്ചും നടപടികൾ സ്വീകരിച്ചു വരികയാണ് സർക്കാർ.
അബ്ബാസിയയിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ കുടുംബം ദുരന്തത്തിനു ഇരയായത് നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകമാണ് ആലപ്പുഴ തലവടി സ്വദേശികളായ നീരേറ്റു പുറം മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്. ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്. യാത്രാ ക്ഷീണം മൂലം ഇവർ നേരത്തെ തന്നെ ഉറക്കത്തിലേക് പോയിരുന്നു. ഈ നേരത്ത് ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.
സമീപ വാസികൾ വാതിൽ മുട്ടി വിളിച്ചപ്പോൾ മാത്യു വാതിൽ തുറന്നിരുന്നു. യാത്ര ക്ഷീണം കാരണം ഉറക്കത്തിലായ കുടുംബത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും പുക ശ്വസിച്ച് റൂമിന് പുറത്ത് കടത്താൻ ആർക്കും സാധിച്ചില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു .തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുവൈത്തിലെ റോയിട്ടേഴ്‌സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരനാണ് മരണമടഞ്ഞ മാത്യു. ലീനി എബ്രഹാം അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആണ്. മകൻ ഐസക് ഭവൻസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയും . ഐറിൻ ഇതേ സ്‌കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
കുവൈത്തിൽ കഴിഞ്ഞ വർഷം 4394 തീപിടുത്തങ്ങളുണ്ടായിയെന്നാണ് കണക്ക്. ഇതിൽ 1257 എണ്ണം റസിഡൻഷ്യൽ ഏരിയകളിലും 1129 എണ്ണം റോഡുകളിലും 17 എണ്ണം സമുദ്ര ഗതാഗതത്തിലും ഒരെണ്ണം വ്യോമഗതാഗതത്തിലുമായിരുന്നു. ഫർവാനിയ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ തീപിടുത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഏറ്റവും പ്രധാന കാരണമായി വിലയിരുത്തുന്നത്.