ദമാം – ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തില്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെ നൈല്‍ എയര്‍ വിമാനത്തിലാണ് തീ പടര്‍ന്നുപിടിച്ചതെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെന്റര്‍ അറിയിച്ചു. ദമാം എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് നടത്തുന്നതിനിടെ എയര്‍ബസ് 320-എ ഇനത്തില്‍ പെട്ട വിമാനത്തിന്റെ ടയര്‍ സംവിധാനത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പൈലറ്റുമാര്‍ ടേക്ക് ഓഫ് റദ്ദാക്കുകയും എയര്‍പോര്‍ട്ടിലെ അഗ്നിശമന സംഘങ്ങള്‍ വിമാനത്തിലെ തീ വിജയകരമായി നിയന്ത്രണ വിധേയമാക്കുകയും അണക്കുകയും യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റുകള്‍ വഴി ഒഴിപ്പിപ്പിക്കുകയും ചെയ്തു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി സെന്ററിനു കീഴിലെ വിദഗ്ധ സംഘം സംഭവത്തില്‍ അന്വേഷണം നടത്തിയതായും സെന്റര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 2.15 ന് ആണ് ടേക്ക് ഓഫിനിടെ നൈല്‍ എയര്‍ വിമാനത്തിന്റെ ടയര്‍ സംവിധാനത്തില്‍ അഗ്നിബാധയുണ്ടായതെന്ന് ദമാം എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രഷന് വ്യക്തമാക്കി. എയര്‍പോര്‍ട്ടിലെ എമര്‍ജന്‍സി സംഘം ഉടനടി സംഭവത്തില്‍ ഇടപെടുകയും തീ നിയന്ത്രണ വിധേയമാക്കുകയും 186 യാത്രക്കാരെയും എട്ടു വിമാന ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
ആര്‍ക്കും പരിക്കില്ല. അപകടത്തിന്റെ വിശദാംശങ്ങള്‍ അറിയാനും കാരണങ്ങള്‍ നിര്‍ണയിക്കാനും സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ്. ദമാം എയര്‍പോര്‍ട്ടില്‍ മറ്റു വിമാനങ്ങളുടെ ലാന്ഡിംഗിനെയോ ടേക്ക് ഓഫിനേയോ സംഭവം ബാധിട്ടില്ലെന്നും ദമാം എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന് പ്രസ്താവനയില്‍ പറഞ്ഞു.