തിരുവനന്തപുരം– കേരള ബജറ്റ് പ്രസംഗത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണെന്നും അത് തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം അനുവദിക്കുന്ന വിഹിതം സ്വീകരിച്ച് സംസ്ഥാനത്തിന് തലകുനിച്ചു നിൽക്കേണ്ടി വരുന്ന അവസ്ഥയാണെന്നും, കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധം ബജറ്റിലൂടെ രേഖപ്പെടുത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മതമല്ല മറിച്ച് എരിയുന്ന വയറിന്റെ തീയാണ് യഥാർത്ഥ പ്രശ്നമെന്ന നിലപാടാണ് സർക്കാരിനെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി പരിഷ്കാരം മൂലം കേരളത്തിന് 8000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും, വോട്ട് ചോരിക്ക് പുറമെ രാജ്യത്ത് നോട്ട് ചോരിയുമുണ്ടെന്നും വായ്പ പരിധി വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ അവഗണനകൾക്കിടയിലും തനത് നികുതി-നികുതിയേതര വരുമാനത്തിലുണ്ടായ വർദ്ധനവാണ് സംസ്ഥാനത്തിന് കരുത്തായതെന്നും, വികസന ചെലവുകളിൽ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വരുമാന വർദ്ധനവിന് പിന്നിൽ പ്രവർത്തിച്ച നികുതിദായകർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.



