ജിദ്ദ – ഏറ്റവും ഒടുവില്‍ നടന്ന അഞ്ചു ലോകകപ്പുകളില്‍നിന്ന് ഫിഫക്ക് 2,310 കോടി ഡോളര്‍ വരുമാനം ലഭിച്ചതായി കണക്ക്. ഫിഫക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ലോകകപ്പ് മത്സരങ്ങളില്‍ നിന്നാണ്. 2006 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍നിന്ന് 260 കോടി ഡോളറും 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 420 കോടി ഡോളറും 2014 ല്‍ ബ്രസീസില്‍ നടന്ന ലോകകപ്പില്‍ നിന്ന് 480 കോടി ഡോളറും 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ നിന്ന് 530 കോടി ഡോളറും 2022 ഖത്തര്‍ ലോകകപ്പില്‍ നിന്ന് 620 കോടി ഡോളറും ഫിഫക്ക് വരുമാനം ലഭിച്ചു. ലോകകപ്പിന്റെ വര്‍ധിച്ചുവരുന്ന സാമ്പത്തിക സ്വാധീനം ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നീ മൂന്നു രാജ്യങ്ങളിലാണ് നടക്കുക. 32 ടീമുകള്‍ക്കു പകരം 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ലോകകപ്പ് ആണിത്. 2026 ജൂണില്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. 2030 ലോകകപ്പ് മത്സരങ്ങള്‍ക്ക് മൊറോക്കൊയും പോര്‍ച്ചുഗലും സ്‌പെയിനും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുക. 2030 ലോകകപ്പില്‍ മൂന്നു രാജ്യങ്ങളിലുമായി ആകെ 101 മത്സരങ്ങള്‍ നടക്കും. 2034 ലോകകപ്പ് സൗദിയില്‍ നടക്കും. 48 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് ഒറ്റക്ക് ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യ രാജ്യം എന്ന റെക്കോര്‍ഡ് സൗദി അറേബ്യക്ക് ലഭിക്കും.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കുന്നുണ്ട്. ടൂറിസം, നിക്ഷേപങ്ങള്‍, സാമ്പത്തിക വികസനം എന്നിവ അടക്കമുള്ള മേഖലകളില്‍ നിന്ന് ഏറ്റവും ഒടുവിലെ അഞ്ചു ലോകകപ്പ് സംഘാടനത്തിലൂടെ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് 7,200 കോടി ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ലോകകപ്പ് സംഘാടനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നു.
ഇതുവരെയുള്ള ചരിത്രത്തില്‍ ലോകകപ്പ് സംഘാടനത്തിലൂടെ ഏറ്റവുമധികം വരുമാനം നേടിയ രാജ്യം ഖത്തറാണ്. ഖത്തറിന് 1,700 കോടി ഡോളറിന്റെ വരുമാനം ലഭിച്ചു. രണ്ടാം സ്ഥാനത്ത് 2014 ല്‍ ലോകകപ്പ് സംഘടിപ്പിച്ച ബ്രസീല്‍ ആണ്. ബ്രസീലിന് 1,500 കോടി ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടായി. 2018 ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച റഷ്യയാണ് മൂന്നാം സ്ഥാനത്ത്. റഷ്യ 1,400 കോടി ഡോളറിന്റെ വരുമാനമുണ്ടാക്കി. 2006 ലോകകപ്പിന് വേദിയായ ജര്‍മനി 1,400 കോടി ഡോളറും 2010 ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ദക്ഷിണാഫ്രിക്ക 1,200 കോടി ഡോളറും നേട്ടമുണ്ടാക്കിയതായും ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.