ന്യൂയോർക്ക് – ഏഴര ദശകത്തിലേറെയായി തുടരുന്ന ഫലസ്തീൻ- പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ശാശ്വത പോംവഴിയുണ്ടാക്കാന്‍ അറബ്, ഇസ്‌ലാമിക്, യൂറോപ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ചതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ 79-ാമത് യു.എന്‍ ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഫലസ്തീന്‍ പ്രശ്‌നവും സമാധാന ശ്രമങ്ങളും വിശകലനം ചെയ്യാന്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തിന് സമാരംഭം കുറിക്കുന്നതായി സൗദി വിദേശ മന്ത്രി അറിയിച്ചത്.
എല്ലാ രാജ്യങ്ങളും ഈ സംരംഭത്തില്‍ ചേരണം. സമഗ്രവും നീതിപൂര്‍വകവുമായ സമാധാനത്തിലേക്കുള്ള വിശ്വസനീയവും മാറ്റാനാകാത്തതുമായ പാത കൈവരിക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും. ഈ സഖ്യത്തിന്റെ ആദ്യ യോഗം റിയാദില്‍ നടക്കും. സമാധാനം കൈവരിക്കുന്നതിലുള്ള സംയുക്ത ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള കര്‍മ പദ്ധതി ഒരുമിച്ച് തയാറാക്കാന്‍ റിയാദ് യോഗത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ഗാസക്കെതിരായ ഇസ്രായില്‍ യുദ്ധം മാനുഷിക ദുരന്തത്തിന് കാരണമായി. വെസ്റ്റ് ബാങ്കിലും ഇസ്രായില്‍ സൈന്യം ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തുന്നു. മസ്ജിദുല്‍ അഖ്‌സക്കും വിശുദ്ധ മതകേന്ദ്രങ്ങള്‍ക്കും ഇസ്രായില്‍ ഭീഷണി സൃഷ്ടിക്കുന്നു. പതിനായിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തുന്നതും വ്യവസ്ഥാപിത നശീകരണവും നിര്‍ബന്ധിത കുടിയിറക്കലും യുദ്ധോപകരണമായി പട്ടിണിയെ ഉപയോഗിക്കുന്നതും മനുഷ്യത്വരഹിതമായ ആക്രമണങ്ങളും ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഏറ്റവും മോശമായ രൂപത്തിലുള്ള ആസൂത്രിത പീഡനങ്ങളും യു.എന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള മറ്റു കുറ്റകൃത്യങ്ങളും ന്യായീകരിക്കാന്‍ സ്വയം പ്രതിരോധമെന്ന വാദത്തിലൂടെ കഴിയില്ല.
ഈ ദിവസങ്ങളില്‍ ലെബനോനെതിരെയും ഇസ്രായില്‍ രൂക്ഷമായ ആക്രമണങ്ങള്‍ നടത്തിവരികയാണ്. മേഖലയെയും ലോകത്തെയും മുഴുവന്‍ ഭീഷണിപ്പെടുത്തുന്ന ഒരു പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള അപകടത്തിലേക്ക് ഇത് നയിക്കും. നിലവിലെ യുദ്ധവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ മുഴുവന്‍ നിയമ ലംഘനങ്ങളും ഉടനടി അവസാനിപ്പിക്കണം. സമാധാന പ്രക്രിയ തടസ്സപ്പെടുത്തുന്ന എല്ലാവരോടും കണക്കു ചോദിക്കണം. മേഖലയുടെയും മുഴുവന്‍ ലോകത്തിന്റെയും സുരക്ഷക്ക് ഭീഷണി ഉയര്‍ത്താന്‍ അവരെ അനുവദിക്കരുത്. യുദ്ധം നിര്‍ത്താന്‍ അശക്തരായി നാം നില്‍ക്കുമ്പോഴും, സമത്വത്തിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും തീര്‍ത്തും വിരുദ്ധമായി അന്താരാഷ്ട്ര നിയമങ്ങള്‍ സെലക്ടീവ് ആയി നടപ്പാക്കാന്‍ ചിലര്‍ പിടിവാശി കാണിക്കുമ്പോഴും ആഗോള വ്യവസ്ഥയുടെയും നിയമസാധുതയുടെയും വിശ്വാസ്യതയില്‍ ഇനിയെന്താണ് ശേഷിക്കുന്നത് എന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്.
ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് ഫലസ്തീന്ികളുടെ അടിസ്ഥാന അവകാശവും സമാധാനത്തിനുള്ള അടിത്തറയുമാണ്. അല്ലാതെ, അവ്യക്തമായ രാഷ്ട്രീയ പ്രക്രിയക്കുള്ളില്‍ ചര്‍ച്ച ചെയ്യാനുള്ള അന്തിമ ഫലമല്ല ഇത്. ഫലസ്തീന്‍ രാഷ്ട്രത്തെ അടുത്തിടെ അംഗീകരിച്ച രാജ്യങ്ങളെ പ്രശംസിക്കുകയാണ്. ഇതേ തീരുമാനം കൈക്കൊള്ളാന്‍ മറ്റു രാജ്യങ്ങളും ധൈര്യം കാണിക്കണം. 149 രാജ്യങ്ങള്‍ ഇതിനകം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന രാജ്യങ്ങളും ഇക്കൂട്ടത്തില്‍ ചേരണം. സംഘര്‍ഷവും ദുരിതങ്ങളും അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച പോംവഴി ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കലാണെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.