റിയാദ് – ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗദിയിലെ പ്രശസ്തമായ റെസ്റ്റോറന്റ് ശൃംഖലയുടെ മുഴുവന്‍ ശാഖകളും ശാഖകള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന മെയിന്‍ കേന്ദ്രവും അടപ്പിച്ചതായി മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം അറിയിച്ചു. ബി.ലബന്‍ എന്ന പേരിലുള്ള റെസ്റ്റോറന്റ് ശൃംഖലയാണ് അടപ്പിച്ചത്. റിയാദിലുള്ള സ്ഥാപനത്തിന്റെ ശാഖകളില്‍ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇക്കൂട്ടത്തില്‍ ഭൂരിഭാഗം പേരും സുഖംപ്രാപിച്ചിട്ടുണ്ട്. ശേഷിക്കുന്നവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഭദ്രമായിട്ടുണ്ട്.
സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായി സഹകരിച്ച് മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ സംഘങ്ങള്‍ റെസ്റ്റോറന്റ് ശാഖകളില്‍ നിന്നും മെയിന്‍ കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച ഭക്ഷണങ്ങളുടെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധനക്കായി അംഗീകൃത ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണവും ലാബ് പരിശോധനയും പൂര്‍ത്തിയാകുന്നതു വരെ മുന്‍കരുതലെന്നോണമാണ് റെസ്‌റ്റോറന്റ് ശാഖകളും മെയിന്‍ കേന്ദ്രവും അടപ്പിച്ചതെന്നും മന്ത്രാലയം പറഞ്ഞു.
ബി.ലബന്‍ റെസ്റ്റോറന്റുകളെ സൗദിയില്‍ ഡെലിവറി ആപ്പുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിര്‍ദേശാനുസരണമാണ് ഈ നടപടി. സൗദിയില്‍ ബി.ലബന്‍ റെസ്റ്റോറന്റ് ശൃംഖലക്കു കീഴില്‍ 40 ലേറെ ശാഖകളുണ്ട്.