തൃശൂര്‍- കേരള സാഹിത്യ അക്കാദമി 2024-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ എഴുത്തുകാരായ ഏഴാച്ചേരി രാമചന്ദ്രന്, കെവി രാമകൃഷ്ണന് എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം നല്കി ആദരിക്കും. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തി പത്രവും പൊന്നാടയുമാണ് അവാര്‍ഡ്. സമഗ്ര സംഭാവനക്ക് കെഇഎന്‍ കുഞ്ഞഹമ്മദ്, എം എം നാരായണന്, മല്ലികാ യൂനുസ്, പികെഎന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്, ടികെ ഗംഗാധരന് എന്നിവര്‍ അര്‍ഹരായി. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് അവാര്‍ഡ്. കവിതാ വിഭാഗത്തില്‍ അനിതാ തമ്പി (മുരിങ്ങ, വാഴ, കറിവേപ്പ്), നോവലിന് ജിആര്‍ ഇന്ദുഗോപനും (ആനോ) ആണ് പുരസ്കാരം. ചെറുകഥയ്ക്ക് വി.ഷിനിലാലിനാണ് (ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര) അവാര്‍ഡ്. നാടകത്തിന് ശശിധരന് നടുവില്‍ (പിത്തള ശലഭം), സാഹിത്യവിമര്‍ശനത്തിന് ജി ദിലീപന് (രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍), വൈജ്ഞാനിക സാഹിത്യത്തിന് ദീപക് വി (നിര്‍മ്മിത ബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം), ജീവചരിത്രം-ആത്മകഥാ വിഭാഗത്തില്‍ ഡോ.കെ രാജശേഖരന് (ഞാന്‍ എന്ന ഭാവം), യാത്രാ വിവരണത്തിന് കെആര്‍ അജയന് (ആരോഹണം ഹിമാലയം), വിവര്‍ത്തനത്തിന് ചിഞ്ചു പ്രകാശ് (ജിയോ കോന്‍ഡ ബെല്ലി), ബാലസാഹിത്യത്തിന് ഇ.എന്‍ ഷീജ (അമ്മ മണമുള്ള കനിവുകള്‍), ഹാസ സാഹിത്യത്തിന് നിരഞ്ജന് (കേരളത്തിന്റെ മൈദാത്മകത -വറുത്തരച്ച ചരിത്രത്തോടൊപ്പം) എന്നിവര്‍ക്കും പുരസ്കാരം ലഭിച്ചു.
ഇരുപത്തിഅയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അവാര്‍ഡ്. പതിനായിരം രൂപയുടെ എന്‍ഡോവ്മെന്റ് അവാര്‍ഡുകളില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജിന് സിബി കുമാര്‍ ഉപന്യാസ പുരസ്കാരം (പൂക്കളുടെ പുസ്തകം) ലഭിച്ചു. 40 വയസ്സുവരെയുള്ള എഴുത്തുകാര്‍ക്കുള്ള ചെറുകഥയ്ക്ക് സലീം ഷെരീഫിനാണ് (പൂക്കാരന്) പുരസ്കാരം. സാഹിത്യവിമര്‍ശത്തില്‍ കുറ്റിപ്പുഴ അവാര്‍ഡ് ഡോ.എ.എസ് ശ്രീകുമാര്‍ നേടി. മലയാള സാഹിത്യ വിമര്‍ശനത്തിലെ മാര്‍ക്സിയന്‍ സ്വാധീനം ആണ് കൃതി. 40 വയസ്സുവരേയുള്ള വൈജ്ഞാനിക സാഹിത്യത്തിന് ജിഎന്‍ പിള്ള അവാര്‍ഡ് ഡോ.സൗമ്യ കെസി (കഥാപ്രസംഗം കലയും സമൂഹവും) നേടി. 40 വയസ്സുള്ള യുവകവിക്കുള്ള പുരസ്കാരം ദുര്‍ഗ്ഗാപ്രസാദ് (രാത്രിയിലെ അച്ചാങ്കര) നേടി. തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരത്തില്‍ ഡോ.പ്രസീദ കെപി (എഴുത്തച്ഛന്റെ കാവ്യ ഭാഷ) അവാര്‍ഡ് നേടി. ഡോ.ടിഎസ് ശ്യാംകുമാറിന്റെ ആരുടെ രാമന് എന്ന കൃതിക്കും പുരസ്കാരമുണ്ട്. വിലാസിനി പുരസ്കാരത്തിനുള്ള നോവല്‍ പഠനമോ നോവലിസ്റ്റിനെക്കുറിച്ചുള്ള പഠനമോ പുരസ്കാരം ഇല്ല. അര്‍ഹമായ കൃതികള്‍ ഇല്ലാത്തിനാലാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്, സെക്രട്ടറി പ്രഫ.സിപി അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു.