തിരുവന്തപുരം– മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് ഡോ.ഹാരിസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ച് നാലംഗ വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. ആരോഗ്യ മേഖലയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് മുന്നോട്ട് വന്നിരുന്നു. അദ്ദേഹത്തിന്റെ ആരോപണങ്ങൾ ശരി വെക്കുന്നതും സർക്കാർ വാദങ്ങൾ പൊളിയുന്നതുമായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോക്ടർ അപേക്ഷ നൽകി ആറ് മാസത്തിനുശേഷമാണ് ഭരണാനുമതി ലഭിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി.
ഡോ.ഹാരിസിനെ പ്രതിക്കൂട്ടിലാക്കി മെഡിക്കൽ കോളേജിലെ ഇരുപത് ലക്ഷം രൂപ വില വരുന്ന ഉപകരണം കാണാനില്ലെന്ന മന്ത്രി വീണ ജോർജിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ പുറത്ത് വിട്ടത്. ഉപകരണങ്ങൾ പിരിവിട്ടാണ് വാങ്ങിയതെന്ന് രോഗികളുടെ ബന്ധുക്കൾ സമിതിക്ക് മുന്നിൽ സ്ഥിരീകരിച്ചു. 4000 രൂപ വരെ വാങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി.
യൂറോളജി വിഭാഗത്തിൽ ഒരു വിദ്യാർഥിയുടേതുൾപ്പെടെ രണ്ട് ശസ്ത്രക്രിയ മുടങ്ങിയതായും വിദഗ്ദസമിതി സ്ഥിരീകരിച്ചു. ഉപകരണ പ്രതിസന്ധി ഡോക്ടർ മാധ്യമങ്ങളോട് തുറന്നുപറഞ്ഞ ദിവസമായിരുന്നു ഇത്. എന്നാൽ, ഹാരിസിന്‍റെ വാദങ്ങൾ തെറ്റാണെന്നും ഉപകരണ ക്ഷാമമില്ലെന്നും സ്ഥാപിക്കാനായിരുന്നു ആരോഗ്യ വകുപ്പ് ശ്രമം. തൊട്ടടുത്ത ദിവസം യൂറോളജിയിലെ മറ്റൊരു യൂനിറ്റിൽ ശസ്ത്രക്രിയ നടന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ വാദം. ഉപകരണം ഉണ്ടായിട്ടും ശസ്ത്രക്രിയ മുടക്കി എന്നതായിരുന്നു ഡോക്ടർക്ക് മേലുള്ള കുറ്റപത്രം. അതേസമയം, ഈ യൂനിറ്റിലെ മേധാവി സ്വന്തം നിലയിൽ വാങ്ങിയ ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് വിദഗ്ദ സമിതി കണ്ടെത്തി.