മ്യൂണിക്- സ്വപ്നസമാനമായിരുന്നു ഇന്നത്തെ യൂറോ കപ്പ് ഫുട്ബോളിൽ തുർക്കിയുടെ പോരാട്ടം. ആദ്യം വിജയിച്ചും പിന്നീട് സമനില വഴങ്ങിയും പരുങ്ങിയ തുർക്കി അവസാന നിമിഷത്തിലെ ഗോളിൽ വിജയം സ്വന്തമാക്കി. ചെക്ക് റിപ്പബ്ലികിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചാണ് തുർക്കി അവസാന പതിനാറിൽ ഇടം നേടിയത്.
മത്സരം തുടങ്ങി ഇരുപതാമത്തെ മിനിറ്റിൽ തന്നെ ഒരാളെ നഷ്ടമായെങ്കിലും ചെക് റിപ്ലബിക് ഗംഭീരമായ പിടിച്ചുനിൽക്കലാണ് തുർക്കിക്കെതിരെ നടത്തിയത്. അൻപത്തിയൊന്നാമത്തെ മിനിറ്റിൽ ഹകാൻ കാൽഹോംഗുവിലൂടെ ഗോൾ നേടി മുന്നിൽനിന്ന തുർക്കിയെ അറുപത്തിയാറാമത്തെ മിനിറ്റിൽ തോമസ് സൗസേക് സമനിലയിൽ കുരുക്കി. എന്നാൽ മത്സരം തീരാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ തുർക്കിയുടെ സെങ്ക് ടോസൺ വിജയഗോൾ നേടി തുർക്കിയെ രണ്ടാം റൗണ്ടിലെത്തിച്ചു. കളിക്കിടെയും കളിക്ക് ശേഷവുമായി തുർക്കിയുടെ പത്തു താരങ്ങൾക്കും ഒഫീഷ്യലുകൾക്കുമാണ് ഇന്നത്തെ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചത്. ചെക് റിപ്പബ്ലികിന് ഒരു ചുവപ്പു കാർഡ് അടക്കം ആറു കാർഡുകളും ലഭിച്ചു.
മറ്റൊരു മത്സരത്തിൽ പോർച്ചുഗലിനെ ജോർജിയ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ടാമത്തെ മിനിറ്റിൽ തന്നെ പോർച്ചുഗലിന്റെ വലയിൽ ജോർജിയൻ താരം കിവിച്ച കവാർത്ഷ്കില പന്തെത്തിച്ചു. അൻപത്തിയേഴാമത്തെ മിനിറ്റിൽ ജോർജസ് മികൗത്സാദെ പെനാൽറ്റിയിലൂടെ ഒരു ഗോൾ കൂടി നേടി വിജയം പൂർണ്ണമാക്കി. വിജയത്തോടെ ജോർജിയ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മുൻ സോവിയറ്റ് റിപ്പബ്ലിക് രാജ്യമായ ജോർജിയ ഇതാദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിൽ രണ്ടാം റൗണ്ടിൽ പ്രവേശിക്കുന്നത്. പോർച്ചുഗലിന്റെ രണ്ടാം നിര ടീമാണ് ഇന്ന് കളത്തിലിറങ്ങിയത്. മൂന്നാം സ്ഥാനക്കാരായാണ് ജോർജിയ രണ്ടാം റൗണ്ടിൽ എത്തിയത്.
ഉക്രൈനുമായി ബെൽജിയം ഞെട്ടിക്കുന്ന സമനില വഴങ്ങിയതാണ് ഇന്നത്തെ മത്സരത്തിലെ മറ്റൊരു പ്രത്യേകത. ഇരുടീമുകളും ഗോളൊന്നും നേടിയില്ല. ബെൽജിയം രണ്ടാം റൗണ്ടിൽ പ്രവേശിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഫ്രാൻസുമായാണ് ബെൽജിയത്തിന്റെ മത്സരം. ഞങ്ങൾക്ക് ഈ ആരാധകരെ വേണമെന്നും ഫ്രാൻസിനെതിരെ ഞങ്ങൾക്ക് അവരെ വേണമെന്നുമായിരുന്നു മത്സരശേഷം കെവിൻ ഡി ബ്രൂയ്ൻ പ്രതികരിച്ചത്.
ഗ്രൂപ്പ് ഇയിൽ 4 ടീമുകൾക്കും 4 പോയിന്റാണുള്ളത്. ഗോൾ ഡിഫറൻസിൽ റൊമാനിയ ഗ്രൂപ്പ് ചാമ്പ്യൻമാരാകുകയും ഉക്രൈൻ പുറത്തുപോകുകയും ചെയ്തു. റൊമാനിയ സ്ലൊവാക്യ പോരാട്ടവും സമനിലയിൽ അവസാനിച്ചതോടെയാണ് നാലു ടീമുകൾക്കും നാലുവീതം പോയിന്റ് ലഭിച്ചത്. ബെൽജിയം രണ്ടാമതും സ്ലൊവാക്യ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഈ മൂന്ന് ടീമുകളും പ്രീക്വാർട്ടർ ഉറപ്പിച്ചു.
നാലു പോയിന്റ് നേടിയെങ്കിലും നാലാമത് ഫിനിഷ് ചെയ്യേണ്ടി വന്നതിനാൽ ഉക്രൈൻ ടൂർണമെബ്റ്റിൽ നിന്ന് പുറത്തായി.
റൊമാനിയും സ്ലൊവാക്യയും തമ്മിലുള്ള മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. സ്ലൊവാക്യ 24 മിനുട്ടിൽ ഡുഡയിലൂടെ ലീഡ് നേടി. ഇതിന് 37ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റൊമാനിയ മറുപടി നൽകി.