ബെര്‍ലിന്‍: യൂറോ കപ്പ് കലാശകൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം.ബെര്‍ലിനില്‍ നടക്കുന്ന ഫൈനലില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം. നാലാം യൂറോ കപ്പിനായി സ്‌പെയിന്‍ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ആദ്യ യൂറോപ്പിന്‍ കിരീടത്തിനായാണ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ഇറ്റലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പുറത്താവാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. വര്‍ഷങ്ങള്‍ നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ഇംഗ്ലിഷ് പ്രമുഖര്‍ ഇറങ്ങുന്നത്. ലോക ക്ലബ്ബ് ഫുട്‌ബോളിലെ മിന്നും താരങ്ങള്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ പതിയെ തുടങ്ങിയ ഇംഗ്ലണ്ട് പിന്നീട് ഫോമിലേക്കുയരുകയായിരുന്നു.
യൂറോ ചരിത്രത്തില്‍ തന്നെ ഒരു എഡിഷനില്‍ തോല്‍വിയറിയാതെ കുതിച്ച ടീം റെക്കോഡുമായാണ് സ്പാനിഷ് കോച്ച് ലൂയിസ് ഫ്യുന്റെയുടെ ശിഷ്യന്‍മാര്‍ ഇറങ്ങുന്നത്. കരുത്തരായ ജര്‍മ്മനി, ഫ്രാന്‍സ് എന്നിവരെ പറപറത്തിയാണ് സ്‌പെയിന്‍ ഇറങ്ങുന്നത്. ലാമിന്‍ യമാല്‍ എന്ന ടീനേജ് താരത്തിന്റെ പ്രകടനം കാണാന്‍ തന്നെയാണ് സ്പാനിഷ് ആരാധകര്‍ നാളെ ബെര്‍ലിനില്‍ എത്തുന്നത്. ശനിയാഴ്ച 17ാം പിറന്നാള്‍ ആഘോഷിച്ച് ലാമിന് പിറന്നാള്‍ സമ്മാനായി യൂറോ കപ്പ് നല്‍കാനാണ് സഹതാരങ്ങള്‍ ശ്രമിക്കുക. ഫൈനല്‍ വരെയുള്ള സ്‌പെയിനിന്റെ കുതിപ്പില്‍ ലാമിന്‍ യമാലിന്റെ സ്വാധീനം നിര്‍ണ്ണായകമായിരുന്നു. വിങ്ങിലൂടെയുള്ള സ്പാനിഷ് താരത്തിന്റെ നീക്കങ്ങള്‍ പൂട്ടുക എന്നതാണ് ഇംഗ്ലണ്ടിന്റെ ലെഫ്റ്റ് ബാക്ക് കീറന്‍ ട്രിപ്പിയറിന്റെ ദൗത്യം. ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിട്ടാണ് മൂന്ന് ഗോള്‍ നേടിയ ഹാരി കെയ്ന്‍ ഇറങ്ങുക. എന്നാല്‍ താരത്തിന്റെ ലക്ഷ്യത്തെ പൂട്ടുക എന്നതാണ് ഗോള്‍ കീപ്പര്‍ ഉനായ് സിമോണ്‍സിന്റെ ദൗത്യം.
ഇരുടീമിലെയും മിഡ്ഫീല്‍ഡര്‍മാരായ ഡാനി ഒല്‍മോയെയും ഡെക്ലാന്‍ റൈസിനെ ഏവരും കരുതിയിരിക്കണം. ഗോള്‍ഡന്‍ ബൂട്ട് ലക്ഷ്യമിടുന്ന ഒല്‍മോയെ പൂട്ടുക എന്നതാണ് ഇംഗ്ലിഷ് താരം ഡെക്ലാന്‍ റൈസിന്റെ ഉന്നം. സ്പാനിഷ് ടീമില്‍ കളിക്കുന്നത് കുട്ടികളാണെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു അവരുടെ ഫൈനല്‍ പ്രവേശനം.
സസ്‌പെന്‍ഷന്‍ നേരിട്ട ഡാനി കാര്‍വജാല്‍, റോബിന്‍ ലേ നോര്‍മന്റ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് സ്പാനിഷ് ടീമിന് ഊര്‍ജ്ജം പകരം. ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഇറക്കാതിരുന്ന ലൂക്ക് ഷോയെ ആദ്യ ഇലവനില്‍ തന്നെ ഇംഗ്ലണ്ട് കോച്ച് സൗത്ത് ഗേറ്റ് ഉള്‍പ്പെടുത്തിയേക്കും. ലോക റാങ്കിങില്‍ അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് വീണ്ടും കൈയ്യെത്തും ദൂരത്ത് കിരീടം കൈവിടാന്‍ മനസ്സില്ല. അതിനായി ഹാരി കെയ്‌നിന്റെ നേതൃത്വത്തിലുള്ള ടീം ഏതറ്റം വരെയും സഞ്ചരിക്കും. ഇരുവരും പരസ്പരം 27 തവണ ഏറ്റുമുട്ടിയപ്പോള്‍ 13 തവണ ജയം ഇംഗ്ലണ്ടിനൊപ്പവും 10 തവണ സ്‌പെയിനിനൊപ്പവുമായിരുന്നു. നാല് മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
സ്‌പെയിന്‍ സാധ്യതാ ഇലവന്‍: ഉനായ് സൈമണ്‍: ഡാനി കാര്‍വാജല്‍, റോബിന്‍ ലെ നോര്‍മന്‍ഡ്, അയ്‌മെറിക് ലാപോര്‍ട്ടെ, മാര്‍ക്ക് കുക്കുറെല്ല; ഡാനി ഓള്‍മോ, റോഡ്രി, ഫാബിയന്‍ റൂയിസ്; ലാമിന്‍ യമാല്‍, അല്‍വാരോ മൊറാറ്റ, നിക്കോ വില്യംസ്.
ഇംഗ്ലണ്ട് സാധ്യതാ ഇലവന്‍: ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ്; കൈല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, മാര്‍ക്ക് ഗുവേഹി; ബുക്കയോ സാക്ക, കോബി മൈനൂ, ഡെക്ലാന്‍ റൈസ്, ലൂക്ക് ഷാ; ജൂഡ് ബെല്ലിംഗ്ഹാം, ഫില്‍ ഫോഡന്‍; ഹാരി കെയ്ന്‍