ഗെൽസെൻകിർച്ചൻ(ജർമനി)- യൂറോ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ കാണാതെ പുറത്തുപോകാതിരിക്കാൻ ഇംഗ്ലണ്ടിന് മുന്നിൽ ആകെയുണ്ടായിരുന്ന സമയം വെറും ആറു മിനിറ്റ് മാത്രമായിരുന്നു. അധിക സമയമായി അനുവദിച്ച വിരലിൽ എണ്ണാവുന്ന നിമിഷങ്ങളിൽ പക്ഷെ ചരിത്രം പിറന്നു. ഇംഗ്ലണ്ടിന്റെ ജൂഡേ ബെല്ലിംഗ്ഹാം അവതരിച്ചത് ആ നിമിഷത്തിലായിരുന്നു. എല്ലാം തികച്ച മെയ്യഭ്യാസിയെ പോലെ ബെല്ലിംഗ് ഹാമിന്റെ ബൈസിക്കിൾ കിക്ക്. അതുവരെ പ്രതിരോധിച്ചുനിന്ന സ്ലൊവാക്യൻ ഗോളി ലക്ഷകണക്കിന് ഫുട്ബോൾ ആരാധകർക്കൊപ്പം സ്തംഭിച്ചുനിന്നു. പോസ്റ്റിന്റെ ഇടതുമൂലയിലൂടെ ബെല്ലിംഗ് ഹാമിന്റെ പന്ത് വലയെ ഉമ്മ വെച്ചു. ഇംഗ്ലണ്ടിന് സമനില. സൗത്ത് ഗേറ്റിന്റെ കുട്ടികളുടെ ആഘോഷത്തിനിടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്.
മത്സരം എക്സട്രാ ടൈമിലേക്ക് നീണ്ടപ്പോൾ തന്നെ ഇംഗ്ലണ്ട് താരങ്ങളുടെ മുഖത്ത് വിജയപ്രതീക്ഷയുടെ ചിരി തെളിഞ്ഞിരുന്നു. ആ ചിരി വലിയ ആഹ്ലാദാരവങ്ങളിലേക്ക് ഉയർത്തിവിട്ട് 92- മത്തെ മിനിറ്റിൽ ഹാരി കെയ്നിന്റെ സൂപ്പർ ഗോൾ. ഹെഡറിലൂടെയായിരുന്നു ഗോൾ. പന്ത് രക്ഷിക്കാൻ സ്ലൊവേക്യയുടെ ഗോൾ കീപ്പർ ദുബ്‌വ്രവ്കയ്ക്ക് അവസരം ലഭിച്ചില്ല. അത്ര കൃത്യമായിരുന്നു ഹാരി കെയിനിന്റെ ഹെഡർ. ആദ്യ ഗോളിലെ പോലെ രണ്ടാമത്തെ ഗോളിലും സ്ലൊവാക്യയുടെ ഗോളി വെറും കാഴ്ച്ചക്കാരനായി. ഒരു പ്രധാന ടൂർണമെൻ്റിൽ പിറകിൽനിന്ന ശേഷം ഇത്ര മികവോടെ ഇംഗ്ലണ്ട് തിരിച്ചുവരുന്നത് അപൂർവമാണ്.
യൂറോ കപ്പിൽ വമ്പൻ ടീമുകൾക്ക് സംഭവിക്കുന്ന ഇടർച്ചയുടെ തുടർച്ച ഇംഗ്ലണ്ടിനും സംഭവിക്കുമോ എന്ന തരത്തിലായിരുന്നു മത്സരം തൊണ്ണൂറാം മിനിറ്റ് വരെ. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഇറ്റലി പുറത്തുപോയ ഓർമ്മയിലായിരുന്നു ഇംഗ്ലണ്ടിന്റെ കളി കാണുമ്പോൾ ആരാധകരും. എന്നാൽ എന്തും ഏതും നിമിഷവും സംഭവിക്കാവുന്ന അപ്രതീക്ഷിത നിമിഷങ്ങളുടെ ആകെത്തുകയായ ഫുട്ബോളിലും അതു തന്നെ സംഭവിച്ചു. പരാജയത്തിൽനിന്ന് തിരിച്ചെത്തി ആഹ്ലാദത്തിന്റെ പെരുമഴക്കാലത്തിലൂടെ വിജയികളായി ഇംഗ്ലണ്ട് മൈതാനം വിട്ടു. അടുത്ത മത്സരത്തിൽ സ്വിറ്റ്സർലന്റിനെ നേരിടാൻ.
മത്സരത്തിന്റെ ഇരുപത്തിയഞ്ചാമത്തെ മിനിറ്റിലാണ് ഇംഗ്ലണ്ടിനെ പിറകിലാക്കി ഗോൾ പിറന്നത്. ഇവാൻ ഷ്രാൻസാണ് സ്ലൊവാക്യയ്ക്കായി സ്‌കോർ ചെയ്തത്. യൂറോ 2024-ൽ ഷ്രാൻസ് നേടുന്ന മൂന്നാമത്തെ ഗോളാണിത്. ഇതോടെ ടൂർണമെൻ്റിലെ ടോപ്പ് സ്‌കോററായി ഷ്രാൻസ് മാറി. ബോക്സിനുള്ളിൽനിന്ന് ലഭിച്ച പന്ത് ഷ്രാൻസ് ഇംഗ്ലണ്ടിന്റെ വലയിലേക്ക് ചെത്തിയിടുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷം വരെ ഇംഗ്ലണ്ട് കടുത്ത ആക്രമണം അഴിച്ചുവിട്ടുവെങ്കിലും സ്ലൊവോക്യൻ പ്രതിരോധവും ഗോളിയും ഇംഗ്ലണ്ടിന് മുന്നിൽ വൻമലയായി നിന്നു. എഴുപത്തിയൊൻപതാമത്തെ മിനിറ്റിൽ ഹാരി കെയ്നിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് സ്ലൊവോക്യൻ പോസ്റ്റിൽ തട്ടിത്തെറിച്ചുപോയി. ഇതുപോലെ നിരവധി അവസരങ്ങളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഈ യൂറോ കപ്പിൽ ആവേശം ജനിപ്പിക്കാനാകാത്ത ടീം എന്ന് വിശേഷണമുള്ള ഇംഗ്ലണ്ട് ഇന്നും വിരസമായ പ്രകടനമാണ് തുടക്കത്തിൽ പുറത്തെടുത്തത്. രണ്ടാം പകുതിയുടെ മധ്യം വരെ ഇതായിരുന്നു അവസ്ഥ.
ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നപ്പോഴേക്കും സ്ലൊവാക്യ പ്രതിരോധവും ആക്രമണവും ശക്തമാക്കിയിരുന്നു. സ്ട്രൈക്കർ ഡേവിഡ് സ്‌ട്രെലെക്കിന്റെ നേതൃത്വത്തിൽ സ്ലൊവാക്യയുടെ ഉജ്ജ്വലമായ ആക്രമണം പുറത്തെടുത്തതോടെ ഇംഗ്ലണ്ട് കടുത്ത സമ്മർദ്ദത്തിലായി.
പല്ലില്ലാത്ത ആക്രമണവും ദുർബലമായ പ്രതിരോധവുമാണ് ഇംഗ്ലണ്ട് തുടക്കത്തിൽ കാഴ്ചവെച്ചത്. സാക്കക്ക് മാത്രമാണ് സ്ലൊവോക്യയുടെ പ്രതിരോധത്തെ ഭേദിക്കാനായത്. രണ്ടാം പകുതിയുടെ പകുതിക്ക് ശേഷം ഇംഗ്ലണ്ട് പുറത്തെടുത്ത പോരാട്ടവീര്യം ഗോളായി പിറന്നത് ഇൻജുറി ടൈമിലായിരുന്നു. ഈ ഗോളിന്റെ ആവേശം തന്നെയാണ് എക്സ്ട്രാ ടൈമിലെ ഗോളിനും വഴിവെച്ചത്. തോൽവി മുഖത്തുനിന്നാണ് സൗത്ത് ഗെയ്റ്റിന്റെ ത്രീ ലയൺസ് വിജയം സ്വന്തമാക്കി അടുത്ത മത്സരത്തിനായി കാത്തുനിൽക്കുന്നത്.