കൊച്ചി- സകല റെക്കോർഡുകളും ഭേദിച്ച് മോഹൻ ലാൽ നായകനായ എമ്പുരാൻ കുതിക്കുന്നു. പൃഥിരാജ് സംവിധാനം ചെയ്ത സിനിമ 48 മണിക്കൂറിനുള്ളിൽ നൂറു കോടി ക്ലബിൽ ഇടം നേടി. മലയാളത്തിൽ ഇതാദ്യമായാണ് ഒരു സിനിമ നൂറു കോടി ക്ലബിൽ ഇത്ര ചെറിയ സമയത്തിനുള്ളിൽ ഇടം നേടുന്നത്. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽനിന്നാണ് ഇത്രയും കലക്ഷൻ ലഭിച്ചത്.
എംപുരാൻ 48 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടുവെന്നും സിനിമാ ചരിത്രത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുവെന്നും മോഹൻ ലാൽ പറഞ്ഞു.
ഈ അസാധാരണ വിജയത്തിന്റെ ഭാഗമായതിന് നിങ്ങൾക്കെല്ലാവർക്കും ഹൃദയംഗമമായ നന്ദിയെന്നും നിങ്ങളുടെ സ്നേഹവും പിന്തുണയും ഇത് സാധ്യമാക്കിയെന്നും മോഹൻ ലാൽ പറഞ്ഞു.
അതിനിടെ, മോഹൻ ലാലിനും പൃഥിരാജിനും എമ്പുരാനും എതിരെ ശക്തമായ പ്രചാരണവുമായി സംഘ്പരിവാർ ഹാൻഡിലുകൾ രംഗത്തെത്തി. സിനിമ സെൻസർ ചെയ്തതിൽ തെറ്റു പറ്റിയെന്ന വാദവും ബി.ജെ.പി കേന്ദ്രങ്ങൾ പങ്കുവെക്കുന്നുണ്ട്. അതേസമയം, സിനിമക്കെതിരെ പ്രത്യക്ഷമായ തരത്തിൽ പ്രചാരണം നടത്തേണ്ടതില്ല എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക തീരുമാനം.