കൊച്ചി- എമ്പുരാന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. എമ്പുരാൻ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലാൽ ഇക്കാര്യം പറഞ്ഞത്. എമ്പുരാന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മൂന്നാം ഭാഗമെന്നും ലാൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ സിനിമയുടെ ബജറ്റ് എന്തായിരുന്നുവെന്ന് പ്രേക്ഷകർ തന്നെ പറയട്ടെയെന്നും ലാൽ പറഞ്ഞു. ഞങ്ങളൊരു വലിയ കാര്യം ഉണ്ടാക്കിയെന്നും അത് പ്രക്ഷേകർക്ക് സമ്മാനിക്കുകയാണെന്നും മോഹൻ ലാൽ പറഞ്ഞു.
മൂന്നാമത്തെ സിനിമ ചെയ്ത് അതിന്റെ റിലീസിന് കാത്തുനിൽക്കുന്നയാളാണ് താനെന്ന് സംവിധായകൻ പൃഥിരാജ് പറഞ്ഞു. തന്നിലെ സംവിധായകനെ സൃഷ്ടിച്ചത് തിരക്കഥാകൃത്ത് മുരളി ഗോപിയാണ്. മോഹൻ ലാലും ആന്റണി പെരുമ്പാവൂരും ഗോകുലം ഗോപാലനും ആണ് സിനിമ സാധ്യമാകാൻ കാരണമെന്നും പൃഥിരാജ് പറഞ്ഞു. സിനിമ നടക്കുമെന്ന് തുടക്കത്തിൽ അമ്പത് ശതമാനം മാത്രമേ തനിക്ക് വിശ്വാസമുണ്ടായിരുന്നുള്ളൂ. മോഹൻ ലാലിന്റെ ശരി മോനെ എന്ന വാക്കാണ് സിനിമ സാധ്യമാക്കിയത്. എനിക്ക് പോലുമില്ലാത്ത ആത്മവിശ്വാസം എന്നിലുണ്ടാക്കിയത് മോഹൻലാൽ ആണെന്നും ഇനിയും ഡേറ്റ് തരണേയെന്നും പൃഥിരാജ് പറഞ്ഞു.
എല്ലാവരും ഒന്നിച്ച് സ്വപ്നം കണ്ട പ്രൊജക്ടാണ് എമ്പുരാൻ. മലയാള സിനിമക്ക് ഒട്ടേറെ വാതിലുകൾ തുറക്കാൻ പറ്റിയ സംരംഭമാണ് ഇതെന്നും പൃഥിരാജ് പറഞ്ഞു. ലാലിനൊപ്പം പ്രതിഭാധനരായ നിരവധി അഭിനേതാക്കളും പ്രവർത്തിച്ചു. വേൾഡ് ക്ലാസ് ടീമാണ് എമ്പുരാനൊപ്പം പ്രവർത്തിച്ചത്. എല്ലാവരുടെയും വിജയമാണ് എമ്പുരാൻ. സിനിമ ഏറെ സന്തോഷം നൽകുന്നതാണെന്ന് പൃഥിരാജ് പറഞ്ഞു. സിനിമയെ ഇത്ര വലിയ ആഘോഷമാക്കി മാറ്റിയത് മാധ്യമങ്ങളാണെന്നും പൃഥിരാജ് പറഞ്ഞു.
തന്റെ അഭിനയ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ് എമ്പുരാനാണെന്ന് സിനിമയിലെ നായിക മഞ്ജു വാര്യർ പറഞ്ഞു. പൃഥിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഭാഗമാകാൻ കൊതിച്ചിരുന്നുവെന്നും മഞ്ജു പറഞ്ഞു. ലാലേട്ടനോടൊപ്പം അഭിനയിച്ച സിനിമകളിൽ എല്ലാം പ്രേക്ഷകർ അളവിൽ കവിഞ്ഞ സ്നേഹം തനിക്ക് നൽകിയിട്ടുണ്ട്. ബ്രഹ്മാണ്ഡ സിനിമകളിൽ ഏറ്റവും ശക്തിയുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.
ലോക മലയാളികൾ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ എന്ന് നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ പറഞ്ഞു.