ന്യൂഡൽഹി: 2018 മുതൽ ഗവർണർ ഭരണത്തിൻ കീഴിലുള്ള ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ തെരഞ്ഞെടുപ്പു നടക്കുമെന്നും ഫലം ഒക്ടോബർ 4 ന് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സെപ്‌റ്റംബർ 30നകം ജമ്മു കശ്മീർ താഴ്‌വരയിൽ ജനാധിപത്യം തിരിച്ചുവരണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ശ്രീനഗറിൽ തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നും സംസ്ഥാന പദവി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അമർനാഥ് യാത്ര അവസാനിക്കുന്നതിൻ്റെ പിറ്റേന്ന് (ഓഗസ്റ്റ് 20-നകം) അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 87 ലക്ഷം വോട്ടർമാർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
“ജനങ്ങൾക്ക് മാറ്റം വേണം… അവർ ഒരു പുതിയ ഭാവി എഴുതാൻ ആഗ്രഹിക്കുന്നു,” ജമ്മു കശ്മീരിൽ സുരക്ഷിതവും വിജയകരവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതികൾ വിശദീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ മേധാവി രാജീവ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ഞങ്ങൾ അടുത്തിടെ ജമ്മു കശ്മീർ സന്ദർശിച്ചു. വലിയ ആവേശം കാണാമായിരുന്നു… ആളുകൾ ഈ പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. ആളുകൾക്ക് എത്രയും വേഗം തിരഞ്ഞെടുപ്പ് വേണം…” പോളിംഗ് ബൂത്തുകളിലെ “നീണ്ട ക്യൂ” അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആളുകൾ മാറ്റം ആഗ്രഹിക്കുന്നു. മാത്രമല്ല ആ മാറ്റത്തിൻ്റെ ഭാഗമാകാനും ആഗ്രഹിക്കുന്നു എന്നതിൻ്റെ തെളിവാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ നീണ്ട ക്യൂ. പ്രത്യാശയുടെയും ജനാധിപത്യത്തിൻ്റെയും നേർക്കാഴ്ചയാണിത്. വെടിയുണ്ടകളേക്കാൾ ബാലറ്റുകൾ തിരഞ്ഞെടുക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും കമ്മീഷൻ പറഞ്ഞു.
ഈ വർഷം സെപ്തംബർ 30നകം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും ജമ്മു കശ്മീരിനെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതും ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.