ന്യൂഡൽഹി– കോൺഗ്രസിന്റെ മഹാറാലിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷൻ നരേന്ദ്ര മോദിയുടേതല്ല, ഇന്ത്യയുടേതാണെന്ന് ഓർമ വേണമെന്ന് രാഹുൽ പറഞ്ഞു. ന്യൂഡൽഹിയിലെ രാംലീല മൈതാനത്ത് വെച്ചായിരുന്നു കോൺഗ്രസിന്റെ മഹാറാലി നടന്നത്.
ബിജെപി വോട്ടുകൊള്ള നടത്തിയാണ് ജയിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജനങ്ങൾക്ക് 10,000 രൂപ വീതം കൊടുത്തതും ഹരിയാനയിലെ വോട്ടർപട്ടികയിൽ ബ്രസീലിലെ ഒരു വനിതയും യുപിയിലെ ഒരു വനിതയും ഇടംപിടിച്ചതും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബിജെപി സർക്കാരിനോട് ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണെന്നും കമ്മിഷണർമാരെ സംരക്ഷിക്കാൻ പുതിയ നിയമം കൊണ്ടുവന്നുവെന്നും രാഹുൽ ആരോപിച്ചു. ഈ നിയമം കോൺഗ്രസ് ഭരണത്തിലെത്തിയാൽ മാറ്റുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് സത്യവും കള്ളവും തമ്മിലാണ് പോരാട്ടമെന്നും ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് ശക്തിയെയാണ് പ്രധാനപ്പെട്ടതെന്ന് പറയുന്നതിനെതിരെയും രാഹുൽ വിമർശനമുന്നയിച്ചു. സത്യത്തിന്റെ പക്ഷത്ത് നിന്ന് മോദി സർക്കാരിനെ പുറത്താക്കുമെന്നും നരേന്ദ്ര മോദി വോട്ടുകൊള്ളയാൽ ജയിച്ചതാണെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നിലനിൽക്കണമെങ്കിൽ വോട്ടുകൊള്ള തടയാൻ ഒരുമിച്ച് പോരാടണമെന്നും കോൺഗ്രസിന്റെ ആശയങ്ങൾക്ക് മാത്രമേ രാഷ്ട്രത്തെ രക്ഷിക്കാനാകൂവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ശരിയായ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ മോദി വിജയിക്കില്ലെന്ന് അറിയാമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.



