സംസ്ഥാനം ഉറ്റുനോക്കിയിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ഒരിക്കൽ കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. പാലക്കാട് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും എന്തും സംഭവിക്കാമെന്നുമായിരുന്നു മാധ്യമങ്ങളുടെ പ്രചാരണം. എന്നാൽ പുറത്തുവന്ന ഫലം തെളിയിക്കുന്നത് ശക്തമായ അടിയൊഴുക്കുകളാണ് പാലക്കാട് യു.ഡി.എഫിന് അനുകൂലമായി നടന്നത് എന്നാണ്.
ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പാലക്കാട് നഗരസഭയിൽ പോലും മുന്നേറ്റമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, മുൻ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ട് പോലും ലഭിച്ചതുമില്ല. പാലക്കാട് മണ്ഡലത്തിന്റെ ഉള്ളറയിൽ എന്താണ് നടന്നതെന്ന് മനസിലാക്കുന്നതിൽ മാധ്യമങ്ങൾ ഒന്നടങ്കം പരാജയപ്പെട്ടു.
കേരളത്തിലെ മിക്ക മാധ്യമങ്ങളുടെയും മുൻ നിര സംഘമാണ് പാലക്കാട്ടുണ്ടായിരുന്നത്. രാഷ്ട്രീയ നേതാക്കളുമായുള്ള ചർച്ചകൾ മാധ്യമങ്ങൾ നടത്തിയെങ്കിലും സാധാരണ ജനങ്ങളുടെ വികാരങ്ങളും വിചാരങ്ങളും മനസിലാക്കുന്നതിലും മാധ്യമങ്ങൾ പരാജയപ്പെട്ടു. ടെലിവിഷനിലെ കൊടുങ്കാറ്റ് ജനം സ്വീകരിച്ചതേയില്ല എന്ന് കൂടിയാണ് പാലക്കാട്ടെ ഫലം തെളിയിക്കുന്നത്.
സമൂഹമാധ്യമങ്ങളിലെ പ്രചാരണവും സാധാരണക്കാർ ഏറ്റെടുക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ വ്യക്തമാകുന്നത്. താഴേത്തട്ടിൽ സാധാരണക്കാരെ നേരിട്ട് ബാധിക്കാത്ത ഒരു തെരഞ്ഞെടുപ്പ് പ്രചാരണവും ഗുണം ചെയ്യില്ല എന്ന് കൂടിയാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന സരിൻ ചടുലമായ രാഷ്ട്രീയ നീക്കത്തിന് ഒടുവിലാണ് പാലക്കാട്ട് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി വന്നത്. സമൂഹമാധ്യമങ്ങളിലെ പരിചയം വെച്ച് പാലക്കാട്ട് സി.പി.എം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും അതും വിജയിച്ചില്ല. അതേസമയം, താഴേത്തട്ടിൽ സാധാരണക്കാരുമായി നേരിട്ട് സംവദിക്കുന്ന രീതിയാണ് കോൺഗ്രസും യു.ഡി.എഫും അവലംബിച്ചത്. പതിവുപോലെ മുസ്ലിം ലീഗിന്റെ ശക്തമായ പ്രവർത്തനം ഇക്കാര്യത്തിൽ മുതൽക്കൂട്ടായി. ഇതിന് പുറമെ മുൻ എം.എൽ.എ ഷാഫി പറമ്പിലിന്റെ നേതൃത്വവും രാഹുലിന്റെ വിജയം എളുപ്പമാക്കുകയായിരുന്നു.
പാലക്കാട് നഗരസഭയിൽ ബി.ജെ.പി മുന്നിലെത്തുമെന്നുമായിരുന്നു മുഴുവൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അതും പാഴായി. ഒരു ഘട്ടത്തിൽ മാത്രമാണ് രാഹുൽ കുറഞ്ഞ വോട്ടുകൾക്ക് പിറകിൽ പോയത്. പിന്നീട് അയ്യായിരത്തിനും പതിനായിരത്തിനും മുകളിലേക്ക് രാഹുൽ മാങ്കൂട്ടത്തലിന്റെ ഭൂരിപക്ഷം കുതിക്കുകയായിരുന്നു.
കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി കേരളത്തിൽ മാധ്യമങ്ങളുടെ നിഗമനങ്ങളെല്ലാം തെറ്റുന്ന കാഴ്ചയാണുള്ളത്. കേരളത്തിൽ തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പകളിലെല്ലാം ശക്തമായ മത്സരം, ഇഞ്ചോടിഞ്ച് പോരാട്ടം എന്ന രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ വിജയം ഏകപക്ഷീയമാകുകയും ചെയ്തു. കാഴ്ച്ചക്കാരെ പിടിച്ചുനിർത്തുന്നതിനും എല്ലാതരം പ്രേക്ഷകരെയും സ്വാധീനിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ മാധ്യമങ്ങൾ അജണ്ട സെറ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് മാത്രമേ ഇത്തരം വിശകലനങ്ങൾക്ക് ആയുസുണ്ടാകാറുള്ളൂവെങ്കിലും മാധ്യമങ്ങൾ പതിവു രീതി തുടരുകയാണ്.