മുംബൈ- മഹാരാഷ്ട്രയിൽ പശുവിറച്ചി കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് സഹയാത്രികർ വയോധികനെ ക്രൂരമായി മർദ്ദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ചാണ് ദാരുണ സംഭവം അരങ്ങേറിയത്. നിരവധി പേർ നോക്കിനിൽക്കെയാണ് പ്രായമേറിയ ആളെ സംഘം ചേർന്ന് മർദ്ദിച്ചത്. ഇദ്ദേഹത്തെ സഹായിക്കാൻ കംപാർട്ട്മെന്റിലുണ്ടായിരുന്ന ആരും തയ്യറായില്ല. അശ്‌റഫ് മുനിയാർ എന്ന വയോധികനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ കൈവശം വച്ചിരുന്ന രണ്ട് വലിയ പ്ലാസ്റ്റിക് പെട്ടികളിൽ ഇറച്ചിയുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. “എന്താണ് നിങ്ങൾ കൊണ്ടുപോകുന്നത്? നിങ്ങൾ എവിടെ പോകുന്നു? നിങ്ങൾ എവിടെ നിന്നാണ്? നിങ്ങൾക്ക് ആടുകളെ അവിടെ കിട്ടുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചാണ് മർദ്ദനം അഴിച്ചുവിട്ടത്.
ജൽഗാവ് ജില്ലക്കാരനായ അഷ്റഫ് മുൻയാറിന്, മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മർദ്ദനമേറ്റത്. ഇത് ശ്രാവണ മാസമാണെന്നും മാംസം ഉപയോഗിക്കരുതെന്നും ആക്രോശിച്ചായിരുന്നു മർദ്ദനം. റെയിൽവേ കമ്മീഷണർ സംഭവം സ്ഥിരീകരിക്കുകയും വിഷയത്തിൽ കേസെടുക്കുകയും ചെയ്തു. ഇയാളെ മർദിച്ച യാത്രക്കാരെ റെയിൽവേ പോലീസ് അന്വേഷിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു. വീഡിയോ വൈറലായതിനെ തുടർന്ന് മർദ്ദനമേറ്റയാളുമായി പോലീസ് ബന്ധപ്പെട്ടു. ധൂലെ സ്വദേശികളായ രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.
ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻ.സി.പി, സംഭവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർന്നതായും എൻ.സി.പി ആരോപിച്ചു. മഹാരാഷ്ട്രയിലെ 80 ശതമാനം ആളുകളും മാംസാഹാരികളാണ്, ഇത് നമ്മുടെ മഹാരാഷ്ട്രയാണ്. തീരദേശത്തെ 95 ശതമാനം ആളുകളും മാംസാഹാരികളാണ്. ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, ഞങ്ങൾ ജൈനന്മാരെയും ബഹുമാനിക്കുന്നു. നിങ്ങളുടെ അച്ഛനെപ്പോലെ പ്രായമുള്ള ഒരാളെ തല്ലാൻ നാണമില്ലേ എന്നും എൻ.സി.പി ചോദിച്ചു.