കയ്റോ- 1967 ലെ അറബ്, ഇസ്രായില്‍ യുദ്ധത്തിനിടെ കാണാതായ ഈജിപ്ഷ്യന്‍ സൈനികന്റെ ശരീരാവശിഷ്ടങ്ങള്‍ ഔദ്യോഗിക സൈനിക ബഹുമതികളോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ മറവു ചെയ്തു. 57 വര്‍ഷം മുമ്പ് ഇസ്രായിലുമായുണ്ടായ യുദ്ധത്തില്‍ കാണാതായ ഫൗസി മുഹമ്മദ് അബ്ദുല്‍മൗല അബൂശോകിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സീനായ് മരുഭൂമിയില്‍ കണ്ടെത്തുകയായിരുന്നു.
സീനായിലെ അല്‍ഫൈറൂസ് മരുഭൂമിയില്‍ സൈനികന്റ വ്യക്തിപരമായ വസ്തുക്കളാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. വീരമൃത്യുവരിച്ച സൈനികനെ ഈജിപ്ഷ്യന്‍ സായുധസേന ആദരിക്കുകയും അനുയോജ്യമായ നിലക്ക് മയ്യിത്ത് സംസ്‌കാര ചടങ്ങുകള്‍ നടത്തുകയുമായിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് മധ്യസീനായില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്ഥാപനങ്ങളില്‍ ഒന്ന് സൈനികന്‍ ഫൗസി മുഹമ്മദ് അബ്ദുല്‍മൗലയുടെ ഔദ്യോഗിക രേഖകളും വ്യക്തിപരമായ ചില വസ്തുക്കളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. പിന്നീട് ഡി.എന്‍.എ പരിശോധന നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ യുദ്ധത്തിനിടെ കാണാതായ സൈനികന്റെതു തന്നെയാണെന്ന് ഉറപ്പുവരുത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കിയത്.