കയ്റോ – അധികാരത്തിന്റെ മിഥ്യാധാരണകളും ധാര്‍ഷ്ട്യവും ഇസ്രായിലിന് സുരക്ഷിതത്വം നല്‍കില്ലെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദ്ര്‍ അബ്ദുല്‍ആത്തി പറഞ്ഞു. ഇസ്രായിലിന്റെ നീക്കം മധ്യപൗരസ്ത്യദേശത്ത് സുരക്ഷിതത്വവും സ്ഥിരതയുമുണ്ടാക്കില്ലെന്നും ഡെച്ച് വിദേശ മന്ത്രി കാസ്പര്‍ വെല്‍ഡ്കാമ്പിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയും കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ന്യായമായ അഭിലാഷങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഗാസയില്‍ താല്‍ക്കാലിക ഭരണ സംവിധാനം എന്ന നിലയില്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹമാസ്, ഫതഹ് ഗ്രൂപ്പുകള്‍ തമ്മിലെ ആശയവിനിമയത്തിലൂടെ ഫലസ്തീനികളെ ഒരുമിപ്പിക്കാന്‍ ഈജിപ്ത് ശ്രമങ്ങളും നീക്കങ്ങളും നടത്തുന്നുണ്ട്.
ഗാസയില്‍, പ്രത്യേകിച്ച് വടക്കന്‍ ഗാസയില്‍ നടക്കുന്ന ലജ്ജാകരമായ കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും ഡെച്ച് വിദേശ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ താന്‍ വിശകലനം ചെയ്തിട്ടുണ്ട്. യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനം വിലക്കുന്നത് അടക്കമുള്ള ഇസ്രായിലിന്റെ ഏകപക്ഷീയമായ നിയമനിര്‍മാണങ്ങള്‍ അംഗീകരിക്കില്ല. യു.എന്‍ റിലീഫ് ഏജന്‍സി സ്ഥാപിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് യു.എന്‍ ജനറല്‍ അസംബ്ലിയാണ്. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ അടക്കം യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല.
ലിബിയയിലെ പുതിയ സംഭവവികാസങ്ങളും ലെബനോനിലെ ഇസ്രായില്‍ ആക്രമണവും ഡെച്ച് വിദേശ മന്ത്രിയുമായി താന്‍ വിശകലനം ചെയ്തു. വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് സമാന്തരമായി ലെബനോനില്‍ പ്രസിഡന്‍ഷ്യല്‍ ഒഴിവ് നികത്താനും നീക്കങ്ങളുണ്ടാകണം. ബെയ്‌റൂത്തിന് പുറത്തു നിന്നുള്ള ആരെയും ലെബനോന്‍ പ്രസിഡന്റ് ആയി അടിച്ചേല്‍പിക്കരുത്. ലെബനോനുമായി ബന്ധപ്പെട്ട യു.എന്‍ രക്ഷാസമിയുടെ 1701-ാം നമ്പര്‍ പ്രമേയം നടപ്പാക്കണം.
നൈല്‍ നദീജലവുമായി ബന്ധപ്പെട്ട പ്രശ്‌നം ഈജിപ്തിന് നിര്‍ണായകമാണ്. 11 കോടിയിലേറെ വരുന്ന ഈജിപ്തുകാരുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. നൈല്‍നദിയില്‍ എത്യോപ്യ അണക്കെട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം ഡെച്ച് വിദേശ മന്ത്രിയുമായി വിശകലനം ചെയ്തിട്ടുണ്ട്. ഈജിപ്തിന്റെ ജലയവകാശം കാത്തുസൂക്ഷിക്കുന്നതില്‍ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യില്ല. എല്ലാ നൈല്‍ നദീതട രാജ്യങ്ങളുടെയും വികസനത്തിനുള്ള അവകാശത്തില്‍ ഈജിപ്ത് വിശ്വസിക്കുന്നു. ഇതേപോലെ ജലസുരക്ഷ സംരക്ഷിച്ചുകൊണ്ട് ഈജിപ്തിന്റെ ജീവിക്കാനുള്ള അവകാശത്തില്‍ എത്യോപ്യയും വിശ്വസിക്കണമെന്ന് ബദ്ര്‍ അബ്ദുല്‍ആത്തി പറഞ്ഞു.
ഇസ്രായിലിനും ഇറാനുമിടയില്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് അകറ്റിനിര്‍ത്താന്‍ നെദര്‍ലാന്റ്‌സ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഡെച്ച് വിദേശ മന്ത്രി പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതില്‍ നിന്ന് എല്ലാ രാജ്യങ്ങളും വിട്ടുനില്‍ക്കണം. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുകയും ബന്ദികളെ വിട്ടയക്കുകയും വേണം. ഗാസയിലേക്ക് ആവശ്യമായ റിലീഫ് വസ്തുക്കള്‍ എത്തിക്കണം. ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കാന്‍ നെദര്‍ലാന്റ്‌സ് പ്രവര്‍ത്തിക്കും. യു.എന്‍ റിലീഫ് ഏജന്‍സിയുടെ പ്രവര്‍ത്തനം വിലക്കാനുള്ള ഇസ്രായില്‍ പാര്‍ലമെന്റിന്റെ തീരുമാനത്തില്‍ നെദര്‍ലാന്റ്‌സിന് ആശങ്കയുള്ളതായും കാസ്പര്‍ വെല്‍ഡ്കാമ്പ് പറഞ്ഞു.