കയ്‌റോ – പ്രാദേശിക വിപണിയില്‍ ഇസ്രായില്‍ ഈത്തപ്പഴം വില്‍ക്കുന്നില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. ഈജിപ്തില്‍ ഇസ്രായില്‍ ഈത്തപ്പഴം വില്‍ക്കപ്പെടുന്നുണ്ടെന്ന വാര്‍ത്തകളെ ചുറ്റിപ്പറ്റി വ്യാപകമായ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം നിഷേധിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയത്. ഈജിപ്ത് ഇസ്രായിലില്‍ നിന്ന് ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഈജിപ്ഷ്യന്‍ കാബിനറ്റ് മീഡിയ സെന്റര്‍ നിഷേധിച്ചു. ഈ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഈജിപ്തിലെ കാര്‍ഷിക കയറ്റുമതിയുടെ പ്രശസ്തിക്ക് കോട്ടം വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും മീഡിയ സെന്റര്‍ പറഞ്ഞു.
ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത ഈത്തപ്പഴ ഉല്‍പ്പന്നങ്ങളുടെ സ്രോതസ്സുകളില്‍ ഇസ്രായില്‍ ഉള്‍പ്പെടുന്നില്ലെന്ന് മീഡിയ സെന്റര്‍ പറഞ്ഞു. ഈത്തപ്പഴ ഇറക്കുമതിയില്‍ ഈജിപ്ത് കര്‍ശനമായ നയം പാലിക്കുന്നു. പ്രാദേശികമായി ലഭ്യമല്ലാത്ത പുതിയ (ഫ്രഷ്) ഈത്തപ്പഴം മാത്രമാണ് വളരെ ചെറിയ അളവില്‍ ഇറക്കുമതി ചെയ്യുന്നത്.
വ്യാവസായിക മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി മാത്രം ഉല്‍പാദന സീസണുകളല്ലാത്ത കാലത്ത് ഉണങ്ങിയതും പകുതി ഉണങ്ങിയതുമായ ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്നുണ്ട്. 2025 ല്‍ ആകെ 29,439 ടണ്‍ ഈത്തപ്പഴമാണ് ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്തതെന്ന് കൃഷി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയെല്ലാം അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ഏറ്റവും കൂടുതല്‍ ഈത്തപ്പഴം ഇറക്കുമതി ചെയ്തത് സൗദി അറേബ്യയില്‍ നിന്നാണ്. ഇറാഖ്, ലിബിയ, ജോര്‍ദാന്‍, സിറിയ, സുഡാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നും ഈത്തപ്പഴം ഇറക്കുമതി ചെയ്തു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 95 ലക്ഷത്തിലേറെ ടണ്‍ ഈത്തപ്പഴം കയറ്റുമതി ചെയ്തു. ഈജിപ്ഷ്യന്‍ കാര്‍ഷിക മേഖല കൈവരിച്ച ചരിത്രപരമായ ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായിയില്‍ നിന്ന് ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്നതായി പ്രചരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. ഈജിപ്തില്‍ പ്രതിവര്‍ഷം 20 ലക്ഷം ടണ്‍ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നു. രാജ്യത്ത് 2.4 കോടി ഈത്തപ്പനകളുണ്ട്. ഈത്തപ്പഴ ഉല്‍പാദനത്തില്‍ ഈജിപ്ത് ആഗോളതലത്തില്‍ മുന്‍നിരയിലാണ്. അന്താരാഷ്ട്ര തലത്തില്‍ ഈത്തപ്പഴ കയറ്റുമതിയില്‍ സ്ഥാനം ശക്തിപ്പെടുത്താനായി പുതിയ വിപണികള്‍ തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഈജിപ്ഷ്യന്‍ കാബിനറ്റ് മീഡിയ സെന്റര്‍ പ്രസ്താവന സ്ഥിരീകരിച്ചു.



