ജിദ്ദ – ചെങ്കടലിനെയും മധ്യധരണ്യാഴിയെയും ബന്ധിപ്പിക്കുന്ന, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ പാതകളില്‍ ഒന്നായ സൂയസ് കനാല്‍ വില്‍ക്കാന്‍ ആലോചനയില്ലെന്ന് ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് വ്യക്തമാക്കി. ഒരു ട്രില്യണ്‍ ഡോളറിന് സൂയസ് കനാല്‍ വില്‍ക്കാന്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നതായി വാദിക്കുന്ന ഓഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് കാബിനറ്റ് മീഡിയ സെന്റര്‍ സൂയസ് കനാല്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടു. ഇത്തരമൊരു വാര്‍ത്ത അതോറിറ്റി നിഷേധിച്ചു. സൂയസ് കനാല്‍ അതോറിറ്റി ഉദ്യോഗസ്ഥന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിംഗ് വ്യാജമാണ്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണ്.
സൂയസ് കനാല്‍ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ തുടരും. കനാലിന്റെ മാനേജ്‌മെന്റ്, പ്രവര്‍ത്തിപ്പിക്കല്‍, അറ്റകുറ്റപ്പണി എന്നിവയെല്ലാം ഈജിപ്തിന്റെ പരമാധികാരത്തില്‍ തുടരും. സൂയസ് കനാല്‍ അതോറിറ്റി ജീവനക്കാരും സാങ്കേതിക ജീവനക്കാരും മാനേജ്‌മെന്റ് ഉദ്യോഗസ്ഥരും ഈജിപ്തുകാര്‍ മാത്രമായി തുടരും. ഈജിപ്ഷ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 43 അനുസരിച്ച് കനാലിനോ അതിന്റെ ഭരണഘടനാപരമായി സംരക്ഷിത സൗകര്യങ്ങള്‍ക്കോ ഒരുവിധ കോട്ടവും തട്ടിക്കാന്‍ കഴിയില്ല. ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള ഒരു അന്താരാഷ്ട്ര ജലപാതയായി കനാലിനെ സംരക്ഷിക്കാനും വികസിപ്പിക്കാനും കനാലിനെ ഒരു വിശിഷ്ട സാമ്പത്തിക കേന്ദ്രമെന്നോണം വികസിപ്പിക്കാനുമുള്ള രാഷ്ട്രത്തിന്റെ പ്രതിബദ്ധത ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 43 അനുശാസിക്കുന്നതായും കാബിനറ്റ് മീഡിയ സെന്റര്‍ പറഞ്ഞു.
വ്യാജ വാര്‍ത്തകളില്‍ കുടുങ്ങരുതെന്നും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും മീഡിയ സെന്റര്‍ പൗരന്മാരോട് ആവശ്യപ്പെട്ടു. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ മുഴുവന്‍ മാധ്യമങ്ങളും സാമൂഹികമാധ്യമ ഉപയോക്താക്കളും അന്വേഷിക്കണമെന്നും അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ അവഗണിക്കണമെന്നും കാബിനറ്റ് മീഡിയ സെന്റര്‍ ആവശ്യപ്പെട്ടു.
സൂയസ് കനാലിന്റെ ആകെ നീളം 193.3 കിലോമീറ്ററാണ്. 250 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രെയ്റ്റ് ബിറ്റര്‍ തടാകത്തിന്റെ തെക്കും വടക്കുമായി സൂയസ് കനാലിന് രണ്ടു ഭാഗമുണ്ട്. ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ ഒരേസമയം രണ്ടു ദിശകളിലേക്കും കപ്പലുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്നതിന് കനാലിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും തിരശ്ചീനമായി രണ്ടു വ്യത്യസ്ത ജലപാതകളുണ്ട്. ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിസഞ്ചരിക്കുന്നതിനെ അപേക്ഷിച്ച് സൂയസ് കനാല്‍ വഴിയുള്ള യാത്ര ഏഷ്യക്കും യൂറോപ്പിനുമിടയിലെ യാത്രാ സമയത്തില്‍ 15 ദിവസം ലാഭിക്കാന്‍ സഹായിക്കുന്നു.