കയ്‌റോ – വിദേശ കടങ്ങള്‍ എഴുതിത്തള്ളുന്നതിന് പകരമായി ഗാസയുടെ ഭരണം നിശ്ചിത കാലത്തേക്ക് ഈജിപ്ത് ഏറ്റെടുക്കണമെന്ന ഇസ്രായിലി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡിന്റെ നിര്‍ദേശം ഈജിപ്ത് നിരാകരിച്ചു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഇസ്രായിലിന്റെ പിന്മാറ്റവും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഈജിപ്തിന്റെയും അറബ് രാജ്യങ്ങളുടെയും ഉറച്ച നിലപാടുകളെയും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ കാതലായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അടിത്തറയെയും മറികടക്കുന്ന ഏതൊരു നിര്‍ദേശവും നിരാകരിക്കപ്പെട്ടതും അസ്വീകാര്യവുമാണെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
യുദ്ധാനന്തര ഗാസയുടെ ഭരണവുമായി ബന്ധപ്പെട്ട് ‘ഈജിപ്ഷ്യന്‍ പരിഹാരം’ എന്ന പേരിലുള്ള നിര്‍ദേശം കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാഇര്‍ ലാപിഡ് മുന്നോട്ടുവെച്ചത്. ഈജിപ്തിന്റെ വിദേശ കടങ്ങള്‍ അന്താരാഷ്ട്ര സമൂഹം അടക്കുന്നതിന് പകരമായി എട്ടു മുതല്‍ പതിനഞ്ചു വര്‍ഷം വരെ ഗാസ ഭരിക്കാനുള്ള ഉത്തരവാദിത്തം ഈജിപ്ത് ഏറ്റെടുക്കണമെന്നും ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ പത്തു വര്‍ഷത്തിനു ശേഷം ഇസ്രായില്‍ ഗാസയില്‍ നിന്ന് വേറിട്ട് പോകണമെന്നും യാഇര്‍ ലാപിഡ് നിര്‍ദേശിച്ചു.
ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസി (എഫ്.ഡി.ഡി) വാഷിംഗ്ടണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ഗാസയില്‍ ഒരു പുതിയ പരിഹാരം ആവശ്യമാണെന്ന് ലാപിഡ് പറഞ്ഞു. ഹമാസ് അധികാരത്തില്‍ തുടരുന്നത് ഇസ്രായിലിന് അംഗീകരിക്കാന്‍ കഴിയില്ല. ഫലസ്തീന്‍ അതോറിറ്റിക്ക് സമീപഭാവിയില്‍ ഗാസ ഭരിക്കാനും കഴിയില്ല. അതല്ലെങ്കില്‍ ഗാസ ഭരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റി തയ്യാറല്ല – ഇസ്രായില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം എന്നെന്നേക്കുമായി പരിഹരിക്കുന്നതിനു പകരം അത് നിലനിര്‍ത്താന്‍ ഇടയാക്കുന്ന അര്‍ധ പരിഹാരങ്ങളാണ് ഇസ്രായില്‍ പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശങ്ങള്‍ എന്ന് ഈജിപ്ഷ്യന്‍ എന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസയും കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കും തമ്മില്‍ ആര്‍ക്കും വേര്‍പ്പെടുത്താന്‍ കഴിയാത്ത ജൈവ ബന്ധമാണുള്ളത്. ഗാസയെയും വെസ്റ്റ് ബാങ്കിനെയും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിനു കീഴിലെ പ്രദേശമായി കണക്കാക്കി പൂര്‍ണ ഫലസ്തീന്‍ പരമാധികാരത്തിനും ഭരണത്തിനും കീഴിലാക്കണമെന്നും ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
യുദ്ധാനന്തര ഗാസയുടെ ഭരണം വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നതിന് തടസ്സമാണ്. ഗാസയുടെ ഭാവി ഭരണത്തില്‍ ഹമാസിന് ഒരു പങ്കും പാടില്ലെന്ന് ഇസ്രായിലും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വാദിക്കുന്നു. ചില അറബ് രാജ്യങ്ങളും ഇതിനെ പിന്തുണക്കുന്നു. ഇതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുകയോ നടപ്പാക്കുകയോ ചെയ്യില്ലെന്ന് ഇസ്രായിലും അമേരിക്കയും നിരന്തരം ഭീഷണി മുഴക്കുകയും ചെയ്യുന്നു.
ഫലസ്തീനികള്‍ സ്വന്തം നാട്ടില്‍ തന്നെ തുടരുന്നത് ഉറപ്പാക്കി ഗാസയുടെ പുനര്‍നിര്‍മാണത്തിന് ഈജിപ്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സമഗ്ര പദ്ധതിയെ കുറിച്ച് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ, സുരക്ഷാനയ ഉന്നത പ്രതിനിധി കായ കല്ലാസുമായി ബുധനാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദ്ര്‍ അബ്ദുല്‍ആത്തി വിശദീകരിച്ചു. ഈ പദ്ധതിക്ക് അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണയുണ്ട്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂനിയന്‍ ഈജിപ്തിന്റെ ശ്രമങ്ങളെ പിന്തുണക്കണമെന്ന ആഗ്രഹം വിദേശ മന്ത്രി പ്രകടിപ്പിച്ചതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്ഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഈജിപ്തിന്റെ വിദേശ കടം 15,000 കോടി ഡോളറാണ്.