ജിദ്ദ – ഫലസ്തീന്‍ രാഷ്ട്രം സൗദി അറേബ്യയില്‍ സ്ഥാപിക്കണമെന്ന ഇസ്രായിലി നേതാക്കളുടെ വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകളെ അതിരൂക്ഷമായി അപലപിച്ച് ഈജിപ്ത്. ഫലസ്തീനികളെ ഗാസയില്‍ നിന്ന് ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും മറ്റു രാജ്യങ്ങളിലേക്കും നാടുകടത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിനെതിരെ ഈജിപ്തും ജോര്‍ദാനും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങള്‍ ശക്തിയുക്തം രംഗത്തെത്തിരിയുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവുകയും ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്യാതെ ഇസ്രായിലുമായി ഒരിക്കലും നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തതിനു പിന്നാലെയാണ് ചില ഇസ്രായിലി നേതാക്കള്‍ സൗദി അറേബ്യയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
സൗദി അറേബ്യയ്ക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്നതും സൗദിയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതുമായ ഇസ്രായിലി നേതാക്കളുടെ നിരുത്തരവാദപരവും പൂര്‍ണമായും അസ്വീകാര്യവുമായ പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നതായി ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇത് സൗദിയുടെ പരമാധികാരത്തിന്റെ മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനവുമാണ്. സൗദി അറേബ്യയുടെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന നിരുത്തവാദപരമായ പ്രസ്താവനകളെ ഈജിപ്ത് പൂര്‍ണമായും നിരാകരിക്കുന്നു. സൗദി അറേബ്യയുടെ സുരക്ഷയും പരമാധികാരവും ലംഘിക്കാന്‍ ഈജിപ്ത് അനുവദിക്കില്ല. സൗദി അറേബ്യയുടെ സ്ഥിരതയും ദേശീയ സുരക്ഷയും ഈജിപ്തിന്റെയും അറബ് രാജ്യങ്ങളുടെയും സുരക്ഷയുടെയും സ്ഥിരതയുടെയും കാതലാണ്. ഇതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല – ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു.
സൗദി അറേബ്യക്കെതിരായ ഇസ്രായിലിന്റെ അനിയന്ത്രിതമായ ഇത്തരം പ്രസ്താവനകള്‍ എല്ലാ സ്ഥാപിത നയതന്ത്ര മാനദണ്ഡങ്ങളുടെയും ലംഘനമാണ്. സൗദി അറേബ്യയുടെ പരമാധികാരത്തിനും 1967 ജൂണ്‍ നാലിലെ അതിര്‍ത്തിയില്‍ വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ്, കിഴക്കന്‍ ജറൂസലം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന സ്വന്തം മാതൃരാജ്യത്ത് സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതവും അനിഷേധ്യവുമായ അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണിത്. ഇത്തരം വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകള്‍ക്കെതിരെ ഈജിപ്ത് സൗദി അറേബ്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഈ പ്രസ്താവനകളെ പൂര്‍ണമായും അപലപിക്കാന്‍ മുന്നോട്ടുവരണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.