കയ്‌റോ – വിദ്യാഭ്യാസ മന്ത്രി പരസ്യമായി ശാസിക്കുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മന്ത്രിക്കു മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. ഉത്തര ഈജിപ്തിലെ മെനോഫിയ ഗവര്‍ണറേറ്റിലെ ഏതാനും സ്‌കൂളുകളില്‍ ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അബ്ദുല്ലത്തീഫ് നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിനിടെ അല്‍ബാഗൂര്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉസാമ അല്‍ബസ്‌യൂനിയാണ് മരിച്ചത്.
സ്‌കൂള്‍ ജീവനക്കാരുടെ മുന്നില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് അല്‍ബാഗൂര്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കി ഈജിപ്ഷ്യന്‍ ജനപ്രതിനിധി സഭ ആസൂത്രണ, ബജറ്റ് കമ്മിറ്റി അംഗമായ ഹാനി ഖിദ്ര്‍ സര്‍ക്കാരിന് അടിയന്തര കത്ത് സമര്‍പ്പിച്ചു. മന്ത്രിയുടെ പ്രവൃത്തി അഹങ്കാരത്തിന്റെയും നുണകളുടെയും കെടുകാര്യസ്ഥതയുടെയും പ്രതിഫലനമാണ്. സംഭവത്തില്‍ മന്ത്രിയോട് കണക്കു ചോദിക്കണമെന്നും ഉടന്‍ പിരിച്ചുവിടണമെന്നും എം.പി ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ വിദ്യാര്‍ഥികള്‍ക്ക് വകുപ്പ് മന്ത്രി മോശം മാതൃകയാണെന്നും ഹാനി ഖിദ്ര്‍ വിശേഷിപ്പിച്ചു.
മന്ത്രിക്കു മുന്നില്‍ നില്‍ക്കുന്നതിനിടെ ഉസാമ അല്‍ബസ്‌യൂനി പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി അദ്ദേഹത്തെ അല്‍ബാഗൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ മന്ത്രിയുടെ ശാസനയെയും പിരിച്ചുവിടല്‍ ഭീഷണിയെയും തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായി ഉസാമ അല്‍ബസ്‌യൂനി മരണപ്പെടുകയായിരുന്നെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.