ന്യൂദൽഹി: ദൽഹിയിൽ വീണ്ടും തുടർ ഭൂചലനം. ദേശീയ തലസ്ഥാനത്ത് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ഇന്ന് പുലർച്ചെ 5:36 ന് ദൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നോഡൽ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വടക്കേ ഇന്ത്യയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും ദൽഹി പ്രഭവകേന്ദ്രമാണെന്നും പറഞ്ഞു. ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷന് സമീപമായിരുന്നു പ്രഭവകേന്ദ്രമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിയിൽ ഭൂകമ്പം ഉണ്ടായപ്പോൾ വലിയ ശബ്ദം കേട്ടതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ദൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾ “ശാന്തത പാലിക്കാനും” സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യർത്ഥിച്ചു. ദൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകൾ പാലിക്കാനും ജാഗ്രത പാലിക്കാനും അഭ്യർത്ഥിക്കുന്നു. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്- മോഡി എക്സിലെ ഒരു പോസ്റ്റിൽ എഴുതി.
മുഴുവൻ കെട്ടിടങ്ങളും കുലുങ്ങിയതായും എന്നാൽ പരിക്കുകളോ ആളപായമോ ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പം ശക്തമായിരുന്നുവെന്നും “മുമ്പ് ഒരിക്കലും ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ലെന്നും ഗാസിയാബാദിലെ ഒരു നിവാസി പറഞ്ഞു.