ജിദ്ദ – പ്രഥമ ഇ-സ്‌പോര്‍ട്‌സ് ഒളിംപിക്‌സിന് അടുത്ത വര്‍ഷം സൗദി അറേബ്യ ആതിഥ്യമരുളും. പ്രഥമ ഇ-സ്‌പോര്‍ട്‌സ് ഒളിംപിക്‌സ് അടുത്ത വര്‍ഷവും വരും കൊല്ലങ്ങളിലെ ഇ-സ്‌പോര്‍ട്‌സ് ഒളിംപിക്‌സും സംഘടിപ്പിക്കാന്‍ 12 വര്‍ഷത്തേക്കുള്ള പങ്കാളിത്ത കരാറില്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയും സൗദി ഒളിംപിക് ആന്റ് പാരാലിംപിക് കമ്മിറ്റിയും ഒപ്പുവെച്ചു.
സമീപ കാലത്ത് സൗദി അറേബ്യ വിജയകരമായി ആതിഥേയത്വം വഹിച്ച ആഗോള ടൂര്‍ണമെന്റുകളുടെ തുടര്‍ച്ചയെന്നോണവും ഇ-സ്‌പോര്‍ട്‌സിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിരീകരണമെന്നോണവുമാണ് പ്രഥമ ഇ-സ്‌പോര്‍ട്‌സ് ഒളിംപിക്‌സ് സൗദിയില്‍ സംഘടിപ്പിക്കുന്നത്.
ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, ഇ-സ്‌പോര്‍ട്‌സ് ഒളിംപിക് ഗെയിംസിന്റെ ആദ്യത്തെതും ചരിത്രപരവുമായ പതിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള തലത്തില്‍ ഇ-സ്‌പോര്‍ട്‌സിന് ഒരു പുതിയ അധ്യായം രചിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി സൗദി അറേബ്യയില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. അസാധാരണവും വിശിഷ്ടവുമായ രീതിയില്‍ സംഘടിപ്പിക്കുന്ന ഈ ആഗോള കായിക ഇവന്റ് കാണാന്‍ ലോകത്തെ മുഴുവന്‍ സ്വാഗതം ചെയ്യാന്‍ സൗദി അറേബ്യ കാത്തിരിക്കുകയാണെന്നും സ്‌പോര്‍ട്‌സ് മന്ത്രി പറഞ്ഞു.