ജിദ്ദ – ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മൂന്നു മയക്കുമരുന്ന് കടത്ത് സംഘങ്ങളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചതിന്റെയും ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് അസീര്‍, ജിസാന്‍, കിഴക്കന്‍ പ്രവിശ്യകളില്‍ മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച മൂന്നു സംഘങ്ങളെ കണ്ടെത്തിയത്. ഈ സംഘങ്ങള്‍ മറ്റു പ്രവിശ്യകളിലേക്ക് മയക്കുമരുന്ന് കടത്തിയതായും മയക്കുമരുന്ന് കടത്തിലൂടെ സമ്പാദിക്കുന്ന പണം വെളുപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
മൂന്നു സംഘങ്ങളിലും കൂടി ആകെ 19 പേരാണ് അറസ്റ്റിലായത്. ഇക്കൂട്ടത്തില്‍ അഞ്ചു പേര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും ഏഴു പേര്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും മൂന്നു പേര്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമാണ്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.