റിയാദ് – സൗദി അറേബ്യയെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. എല്‍.ഇ.ഡി ബള്‍ബുകള്‍ അടങ്ങിയ ലോഡിനകത്ത് ഒളിപ്പിച്ച് കടത്തിയ 29,91,342 ലഹരി ഗുളികകള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. നൂതന സുരക്ഷാ സാങ്കേതികവിദ്യകളും വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. മയക്കുമരുന്ന് കടത്ത് അടക്കമുള്ള കള്ളക്കടത്തുകളെ കുറിച്ച് സൗദി അറേബ്യക്കകത്തു നിന്ന് ഏകീകൃത നമ്പറായ 1910 ലും വിദേശങ്ങളില്‍ നിന്ന് 009661910 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിച്ച് എല്ലാവരും സഹകരിക്കണം. ഇത്തരം വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യും. നല്‍കുന്ന വിവരങ്ങള്‍ ശരിയാണെന്ന് തെളിയുന്ന പക്ഷം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം കൈമാറുമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.