തെഹ്‌റാൻ: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി എന്ന 63-കാരൻ ഇറാനിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിൽ പ്രമുഖനാണ്. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും ആഴത്തിൽ ബന്ധങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ മുഴുവൻ പേര് സയ്യിദ് ഇബ്രാഹിം റഈസ് അസ്സാദാത്തി എന്നാണ്.
‘തലവൻ’ എന്നർത്ഥമുള്ള റഈസ് എന്ന പേരിന്റെ ഈ ചുരുക്ക രൂപമായാണ് ‘റഈസീ’ എന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ വിളിച്ചിരുന്നത്. റഈസ് എന്ന പേര് ലോപിച്ച് മാധ്യമങ്ങളിലും മറ്റും ‘റെയ്‌സി’ എന്നു പിന്നീട് പലരും എഴുതാനിടയാക്കി.
ഇറാൻ ജനതയുടെ അവകാശപ്പോരാട്ടങ്ങളെ നെഞ്ചേറ്റിയ റഈസി, ഇസ്രായേലിന്റെയും ഇറാനെ എതിർക്കുന്ന പാശ്ചാത്യ ശക്തികകളുടെയും കണ്ണിലെ കരടായിരുന്നു. ‘തീവ്ര യാഥാസ്ഥിതികൻ’ എന്നാണ് അദ്ദേഹത്തെ എതിർത്തിരുന്ന പാശ്ചാത്യ മാധ്യമങ്ങൾ റഈസിയെ വിശേഷിപ്പിച്ചിരുന്നത്.
2021-ലാണ് ഇറാൻ പ്രസിഡന്റായി ഇബ്രാഹിം റഈസി അധികാരമേറ്റത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനിയുടെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെട്ട കരുത്തുറ്റ നേതാവായിരുന്നു ഇദ്ദേഹം. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഏറ്റവും വലിയ ശിആ തീർത്ഥാടന കേന്ദ്രവുമായ ഖുറാസാൻ പ്രവിശ്യയിലെ മശ്ഹദിൽ 1960 ഡിസംബർ 14-നാണ് റഈസിയുടെ ജനനം. അഞ്ചാം വയസ്സിൽ മതപാഠശാല അധ്യാപകനായിരുന്ന പിതാവിനെ നഷ്ടമായ റഈസി 1979-ൽ ആയത്തുല്ലാ ഖുമൈനി നയിച്ച ഇസ്‌ലാമിക വിപ്ലവത്തിൽ പങ്കാളിയായി അദ്ദേഹത്തിന്റെ ഇഷ്ടക്കാരനായി. 25-ാം വയസ്സിൽ തെഹ്‌റാൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.
20-ാം വയസ്സിൽ അൽബുർസ് പ്രവിശ്യയുടെ തലസ്ഥാനമായ കരാജിൽ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടു. വൈകാതെ പ്രവിശ്യ പ്രോസിക്യൂട്ടറായും പിന്നാലെ തെഹ്‌റാന്റെ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ പദവിയിലുമെത്തി. പിന്നീട് ജുഡീഷ്യറിയിൽ സവിശേഷ പദവിയും അലങ്കരിച്ചു. 1988-ൽ ഇക്കാലത്താണ് ഇറാനിൽ രാഷ്ട്രീയ തടവുകാരായിരുന്ന വിമതർക്ക് കൂട്ടത്തോടെ വധശിക്ഷ നടപ്പാക്കിയത്. ആംനസ്റ്റിയുടെ അന്വേഷണ റിപോർട്ടനുസരിച്ച് അയ്യായിരത്തോളം പേർക്കാണ് റഈസി അടക്കമുള്ള നാലാംഗ ജഡ്ജിമാരുടെ പ്രോസിക്യൂഷന് വിധേയമായി ജീവൻ നഷ്ടമായത്. ഇതിന്റെ പേരിൽ പല രാജ്യങ്ങളിലും ഇദ്ദേഹത്തിന് സഞ്ചാര വിലക്കുണ്ട്. അതേസമയം, മരണശിക്ഷ വിധിച്ചവരിൽ താനില്ലെന്ന് പലതവണ റഈസി വ്യക്തമാക്കിയിട്ടുമുണ്ട്. 2017-ൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് അങ്കം കുറിച്ചെങ്കിലും പരാജയമായിരുന്നു ഫലം. 2019-ൽ ജുഡീഷ്യറി മേധാവി പദവി തേടിയെത്തിയ റഈസി രണ്ടുവർഷത്തിനുശേഷം 2021 ജൂണിൽ 62 ശതമാനം വോട്ടുനേടിയാണ് ഇറാൻ പ്രസിഡന്റായത്. അധ്യാപികയും എഴുത്തുകാരിയുമായ ജമീല അലമുൽ ഹുദയാണ് ഭാര്യ. രണ്ടു പെൺമക്കളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group