ജിദ്ദ- ഇന്നലെ രാത്രി കോഴിക്കോട് വിമാനതാവളത്തിൽനിന്ന് ജിദ്ദയിലേക്ക് തിരിച്ച വിമാനത്തിലെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ജിദ്ദയിലെ ഡോക്ടർ വിനീത പിള്ള. കോഴിക്കോട് നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിയായ കരുളായി സ്വദേശി ഹസനത്തിനാണ് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഏഴു വയസുള്ള മകനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഹസനത്ത്. എന്നാൽ പെട്ടെന്ന് ഛർദി അനുഭവപ്പെട്ട ഹസനത്ത് കുഴഞ്ഞുവീണു. തായിഫിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ഭർത്താവ് സക്കീറിന്റെ അടുത്തേക്ക് വരികയായിരുന്നു അമ്മയും മകനും.
വിമാനത്തിൽ യാത്ര ചെയ്യുന്നവരിൽ മെഡിക്കൽ മേഖലയിലുള്ളവരുണ്ടെങ്കിൽ സഹായിക്കണമെന്ന അഭ്യർത്ഥന പൈലറ്റ് നടത്തി. ജിദ്ദയിലെ അൽ റയാൻ പോളി ക്ലിനിക്കിലെ ഡോ. വിനീത പിള്ള നാട്ടിൽ അവധി കഴിഞ്ഞ് മടങ്ങി വരുന്നത് ഈ വിമാനത്തിലായിരുന്നു. ഇതിനിടെ കാബിൻ ക്രൂ അംഗങ്ങൾ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും പൾസ് ലഭിച്ചതേയില്ല. ഡോക്ടറുടെ പരിശോധനയിലും മിടിപ്പ് കുറവാണെന്ന് കണ്ടെത്തി. സി.പി.ആർ നൽകുകയായിരുന്നു തുടർന്നുള്ള നടപടി. വിമാനം യാത്ര തുടങ്ങിയിട്ട് അപ്പോഴേക്കും ഏകദേശം ഒരു മണിക്കൂർ പിന്നിട്ടിരുന്നു. യാത്രക്കാരിയുടെ ജീവൻ നിലനിർത്തുന്ന കാര്യത്തിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും സി.പി.ആർ കൊടുക്കുന്നത് തുടർന്നു.
യാത്ര തുടരണോ എന്ന പൈലറ്റിന്റെ അന്വേഷണത്തിന് എമർജൻസി ലാന്റിംഗ് വേണമെന്ന് ഡോക്ടർ മറുപടി പറഞ്ഞു. തുടർന്ന് വിമാനം ഏറ്റവും അടുത്തുള്ള കണ്ണൂർ വിമാനത്താവളത്തിലേക് തിരിച്ചുവിടുകയായിരുന്നു.
ഈ സമയത്തും സി.പി.ആർ തുടർന്നു. ഏറെ നേരത്തെ പരിശ്രമത്തിനിടെയാണ് യുവതിയുടെ മിടിപ്പ് പതിയെ തിരിച്ചെത്തിയത്. വിമാനം ലാന്റ് ചെയ്തപ്പോഴേക്കും യുവതി ഏറെക്കുറെ സാധാരണ നിലയിലായിരുന്നു. വിമാനതാവളത്തിലെ മെഡിക്കൽ ടീം എത്തി യുവതിയെ പരിശോധിച്ചു. അവരും തുടർയാത്ര പാടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് യുവതിയെയും മകനെയും കണ്ണൂർ വിമാനതാവളത്തിലിറക്കി. വിദഗ്ധ ചികിത്സക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു മാസത്തെ അവധിക്കായി നാട്ടിലേക്ക് പോയ ഡോ. വിനീത പിള്ള അവധി വെട്ടിച്ചുരുക്കിയാണ് ഇന്നലത്തെ വിമാനത്തിൽ തിരിച്ചുപോന്നത്. മകളുടെ തുടർപഠനത്തിന് വേണ്ടിയായിരുന്നു നാട്ടിലേക്ക് പോയത്. ഒരു മാസത്തെ അവധി ചുരുക്കുകയും കൊച്ചിക്ക് പകരം കോഴിക്കോട് വിമാനതാവളം തെരഞ്ഞെടുക്കുകയുമായിരുന്നു.
യുവതിയുടെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഡോ.വിനീത പിള്ള ദ മലയാളം ന്യൂസിനോട് പറഞ്ഞു. തുടക്കത്തിൽ യുവതി ഏറെ പ്രയാസം അനുഭവിച്ചിരുന്നു. പൂർണ്ണമായും ബോധം മറഞ്ഞ നിലയിലുമായിരുന്നു. പരിശീലനം ലഭിച്ച കാബിൻ ക്രൂ അംഗങ്ങളുടെ സി.പി.ആറിന്റെ സഹായം കൂടിയാണ് യുവതിയെ മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചതെന്നും വിനീത പിള്ള ദ മലയാളം ന്യൂസിനോട് പറഞ്ഞു.